ബീജിങ്: ചൈനയുടെ ഭീഷണിക്കും വിരട്ടലിനും പുല്ലുവില നൽകി യൂറോപ്യൻ യൂണിയൻ രാജ്യമായ ലിത്വാനിയയിൽ തായ് വാന്റെ നയതന്ത്ര പ്രതിനിധി ഓഫീസ് തുറന്നു. രാജ്യതലസ്ഥാനമായ വിൽനിയസിലാണ് ഓഫീസ് തുറന്നത്. സംഭവത്തിൽ ശക്തമായ അമർഷം പ്രകടിപ്പിച്ച ചൈന ലിത്വാനിയയുമായുളള നയതന്ത്രബന്ധം വെട്ടിക്കുറയ്‌ക്കുകയും തരംതാഴ്‌ത്തുകയും ചെയ്തു.
ലിത്വാനിയയുടെ നീക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചൈനയുടെ താക്കീതിനെ വകവെയ്‌ക്കാതെയാണ് തായ് വാന് എംബസിക്ക് തുല്യമായ പ്രതിനിധി ഓഫീസ് തുറക്കാൻ ലിത്വാനിയ അനുമതി നൽകിയത്. ലിത്വാനിയയുടെ പ്രവൃത്തിക്ക് വലിയ വില നൽകേണ്ടി വരുമെന്ന് വെളളിയാഴ്ചയും ചൈന താക്കീത് നൽകിയിരുന്നു. ലിത്വാനിയ മാത്രമാണ് ഇതിൽ ഉത്തരവാദിയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഭീഷണിയെ ലിത്വാനിയ അവഗണിക്കുകയായിരുന്നു.
തായ് വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാത്ത ചൈനയുടെ നിലപാടിനേറ്റ ശക്തമായ തിരിച്ചടിയാണ് ലിത്വാനിയയുടെ തീരുമാനം. സ്വിറ്റ്‌സർലൻഡും യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുളളവരുമായി തായ് വാന്റെ ബന്ധം വഷളാക്കാൻ ബീജിങ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് തായ് വാൻ വിദേശകാര്യമന്ത്രി വൂ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നിരന്തരം തായ് വാന് മേൽ നടത്തുന്ന സൈനിക ഭീഷണി കൂടാതെയാണ് ചൈനയുടെ ഈ സമ്മർദ്ദ തന്ത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുളള അടുത്ത ബന്ധത്തിനാണ് നയതന്ത്ര പ്രതിനിധി ഓഫീസ് വഴിതുറക്കുകയെന്നും ലുധിയാനയുമായുളള ജനാധിപത്യ പങ്കാളിത്തത്തിനാണ് ഇത് വഴിയൊരുക്കുന്നതെന്നും തായ് വാൻ പ്രസിഡന്റ് സയ്ഇങ് വെൻ പറഞ്ഞു.
Comments