അടിമാലി: പ്രണയത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ അറസ്റ്റിലായ ഷീബ(35)യെ കോട്ടയം വനിത ജയിലിലേക്ക് മാറ്റി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺ കുമാറിനാണ്(27) ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം ഷീബ അരുണിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇവിടുത്തെ പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഷീബ അരുണിന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നത് വ്യക്തമാണ്.
ഷീബയും അരുണും രണ്ട് വർഷം മുൻപാണ് പ്രണയത്തിലായത്. ഇതിന് പിന്നാലെ ഷീബ ഹോം നഴ്‌സായി തിരുവനന്തപുരത്ത് ജോലിക്ക് കയറി. ഇരുവരും തമ്മിലുള്ള ബന്ധം ഇവിടെ വച്ച് കൂടുതൽ ശക്തമായി. അഞ്ച് മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെയാണ് ഷീബ തിരുവനന്തപുരത്തെ ജോലി അവസാനിപ്പിച്ച് വീണ്ടും നാട്ടിലെത്തുന്നത്. എങ്കിലും ഷീബ അരുണുമായുള്ള പ്രണയബന്ധം തുടർന്നു. അടുത്തിടെയാണ് ഷീബ വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം അരുൺ മനസിലാക്കുന്നത്. ഇതോടെ ബന്ധം പിരിയാൻ തീരുമാനിക്കുകയായിരുന്നു.
പ്രണയം മുന്നോട്ട് കൊണ്ടു പോകണമെന്നും, വിവാഹം ചെയ്യണമെന്നും ഷീബ ആവശ്യപ്പെട്ടെങ്കിലും അരുൺ സമ്മതിച്ചില്ല. മറ്റൊരു വിവാഹത്തിന് അരുൺ തയ്യാറെടുക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് ആസിഡ് ആക്രമണം നടത്താൻ ഷീബ മുതിർന്നതെന്ന് പോലീസ് പറഞ്ഞു. മുരിക്കാശേരിയിലുള്ള ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ആസിഡ് എത്തിച്ചതെന്നും ഷീബ മൊഴി നൽകിയിട്ടുണ്ട്.
Comments