ലഖ്‌നൗ: സംസ്ഥാനത്തെ ഗുണ്ടാ-മാഫിയാ നേതാക്കൾക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. ബിഎസ്പി എംഎൽഎയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മുക്താർ അൻസാരിയുടെ ഭാര്യ അഫ്ഷാ അൻസാരിയുടെ പേരിൽ ലഖ്‌നൗ നഗരത്തിലുളള ഭൂമി സംസ്ഥാന സർക്കാർ കണ്ടുകെട്ടി. ഏകദേശം മൂന്ന് കോടിയോളം രൂപ വിലമതിയ്‌ക്കുന്ന ഭൂമിയാണ് കണ്ടുകെട്ടിയത്.
യുപിയിലും മറ്റ് സംസ്ഥാനങ്ങളിലുമായി 52 ക്രിമിനൽ കേസുകളിൽ പ്രതിയായ മുക്താർ അൻസാരി ഇപ്പോൾ ബാന്ദ ജയിലിൽ തടവിലാണ്. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ 15 എണ്ണത്തിന്റെ വിചാരണ നടക്കുകയാണ്. കിഴക്കൻ ഉത്തർപ്രദേശിലെ മാവൂ മണ്ഡലത്തിലെ എംഎൽഎയാണ് മുക്താർ അൻസാരി. കൊലപാതകം, കൊലപാതക ശ്രമം, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ട് പോകൽ, കവർച്ച തുടങ്ങിയ ഗുരുതര കേസുകളിൽ പ്രതിയാണിയാൾ.
ബിഎസ്പി നേതാവും മുൻമുഖ്യമന്ത്രിയുമായ മായാവതിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൂടിയാണ്. അസ്സംഗഡ് പോലീസും ലഖ്‌നൗ വികസന അതോറിറ്റി ഉദ്യോഗസ്ഥരും ചേർന്നാണ് ഹുസൈൻഗഞ്ചിലുള്ള മുക്താറിന്റെ ഭാര്യയുടെ പേരിലുളള ഭൂമി സർക്കാറിലേയ്‌ക്ക് കണ്ടുകെട്ടിയത്.
കഴിഞ്ഞ ആഗസ്റ്റിലും ബിഎസ്പി എംഎൽഎയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ദാലിബാംഗിലുള്ള രണ്ട് കെട്ടിടങ്ങളാണ് കണ്ടുകെട്ടിയത്. നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങളായിരുന്നു ഇവ. വാരണാസിയിലും മാവൂ എന്നിവിടങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
















Comments