ലക്‌നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാൻ ഉത്തർപ്രദേശ്. ജെവാറിലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ 25ന് നടക്കും. ഉത്തർപ്രദേശിൽ 5 അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
നിലവിൽ, ഉത്തർപ്രദേശിൽ എട്ട് പ്രവർത്തന വിമാനത്താവളങ്ങളുണ്ട്. മറ്റ് 13 വിമാനത്താവളങ്ങളും ഏഴ് എയർസ്ട്രിപ്പുകളും നിർമാണത്തിലാണ്. 2012വരെ ഉത്തർപ്രദേശിൽ രണ്ട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ലക്‌നൗ
, വാരണാസി. മൂന്നാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം കുശിനഗറിൽ ഒക്ടോബർ 20ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. അതേസമയം അയോധ്യയിലെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. ഇവിടെ നിന്ന് അടുത്ത വർഷം ആദ്യം വിമാന സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ദേശീയ തലസ്ഥാന മേഖലയിലെ (എൻസിആർ) നോയിഡയ്‌ക്ക് സമീപമുള്ള ജെവാറിൽ അഞ്ചാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും.
നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം ന്യൂഡൽഹിയിലെ നിലവിലെ ഐജിഐ വിമാനത്താവളത്തിൽ നിന്ന് 72 കി.മീ അകലെയാണ് പണിയുന്നത്. എൻസിആർ മേഖലയിൽ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ്‌നഗറിലെ ജെവാറിന് സമീപമാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം (എൻഐഎ) നിർമിക്കുന്നത്. ഇവിടേക്ക് നോയിഡയിലേക്കും ദാദ്രിയിൽ മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് ഹബ്ബിലേക്കും 40 കിലോമീറ്റർ ദൂരമുണ്ട്.
നിലവിലെ യമുന എക്സ്പ്രസ്വേ (ഗ്രേറ്റർ നോയിഡ മുതൽ ആഗ്ര വരെ), ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ് വേ, ബല്ലഭ്ഗഢിലെ ഡൽഹി-മുംബൈ എക്സ്പ്രസ് വേ, ഖുർജ-ജേവാർ എൻഎച്ച് 91 എന്നിവയ്‌ക്ക് സമീപമായതിനാൽ വിമാനത്താവളത്തിന് മികച്ച മൾട്ടി മോഡൽ കണക്റ്റിവിറ്റി ഉണ്ടായിരിക്കും. ഇത് ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴി, നോയിഡ-എൻഐഎ മെട്രോ എക്സ്റ്റൻഷൻ, എയർപോർട്ട് ടെർമിനലിൽ പ്രൊജക്റ്റ് ചെയ്ത ഹൈ-സ്പീഡ് റെയിൽ (ഡൽഹി-വാരണാസി) എന്നിവയുമായി ബന്ധിപ്പിക്കും. വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിൽ പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നും 36 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
















Comments