കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകൾ കേരളത്തിൽ നിരോധിക്കണമെന്ന ആവശ്യവുമായി നടി ഗായത്രി സുരേഷ്. ട്രോളുകൾ നിരോധിക്കുന്നതിന് പുറമെ സമൂഹമാദ്ധ്യമങ്ങളിൽ കമന്റ് ഇടാനുള്ള സൗകര്യം ഇല്ലാതാക്കണമെന്നും ഗായത്രി ആവശ്യപ്പെടുന്നു. നമ്മൾ മിണ്ടാതിരിക്കുമ്പോൾ നമുക്കെതിരെ ആരോപണങ്ങൾ ഉയർന്ന് വരികയാണ്. ട്രോളുകൾ നല്ലതാണെന്ന് പറഞ്ഞാലും, ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ ട്രോളുകളും വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളത്. ഇതിനെ നിരോധിക്കാനുള്ള നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കണമെന്നാണ് ഗായത്രി ആവശ്യപ്പെടുന്നത്. ഫെയ്‌സ്ബുക്കിലേയും യൂട്യൂബിലേയും കമന്റുകൾ നീക്കാൻ പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം. മുഖ്യമന്ത്രി വിചാരിച്ചാൽ ഇത് നടക്കുമെന്നും ഗായത്രി പറയുന്നു. ലൈവ് വീഡിയോയിൽ എത്തിയായിരുന്നു ഗായത്രിയുടെ അഭ്യർത്ഥന.
ട്രോളുകൾ നല്ലതല്ലെന്നും ആളുകളെ പരിഹസിക്കുക എന്നത് മാത്രമാണ് അതിന്റെ ഉദ്ദേശമെന്നും ഗായത്രി പറയുന്നു. ട്രോളുകൾ എന്നാൽ ഒരു തരം അടിച്ചമർത്തലാണത്. ഇനി വരുന്ന തലമുറ കണ്ട് പഠിക്കുന്നത് ഇതാണ്. അടിച്ചമർത്തുന്ന തലമുറയല്ല, പരസ്പരം സഹകരിക്കുന്ന സഹായിക്കുന്ന തലമുറയാണ് നമുക്ക് വേണ്ടത്. എനിക്ക് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. അത്രയും അടിച്ചമർത്തലുകൾ സംഭവിച്ചു കഴിഞ്ഞത് കൊണ്ട് ഇനി പറയാനുള്ളത് പറയും. മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ് ഇനി എനിക്ക് പറയാനുള്ളത്. ഞാൻ സാറിനെ ഏറെ ബഹുമാനിക്കുന്നുണ്ട്. സാറിന്റെ ആശയങ്ങളും നടപടികളും എല്ലാം എനിക്ക് ഇഷ്ടമാണ്. സാറിന്റെ അടുത്ത് എന്റെ സന്ദേശം എത്തും.
സോഷ്യൽമീഡിയ ജനജീവിതത്തെ ഭരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് എടുത്താൽ എല്ലാത്തിനും കീഴെ വൃത്തികെട്ട കമന്റുകളാണ്. സാറിന് സാധിക്കുമെങ്കിൽ നല്ല നാടിനായി ഈ ട്രോളുകൾ നിരോധിക്കണം. എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് പറയുന്നത് പോലെ, ഇവിടെ നമുക്ക് എലിയെ ചുടാം. ഇതൊരു അപേക്ഷയാണ്. സാറ് വിചാരിച്ചാൽ നടക്കും. ഇതൊരു അപേക്ഷയാണ്. എല്ലായിടത്തും കമന്റ് സെക്ഷൻ ഓഫ് ചെയ്ത് വക്കണം. പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം. ആളുകൾക്ക് ഭയം വരണം. ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. എന്നെ അത്രമാത്രം അടിച്ചമർത്തി. ഇവരെ വളരാൻ വിടരുത്.കേരളം നശിപ്പിക്കാനുള്ള കരുത്ത് ഇവർക്കുണ്ട്. ദയവായി എല്ലാവരും എന്നെ പിന്തുണയ്‌ക്കണം. ട്രാഫിക് സിനിമയിൽ പറയുന്നത് പോലെ ഇന്ന് എന്നെ പിന്തുണച്ചില്ലെങ്കിൽ ഈ ദിവസവും കടന്നു പോകും. എനിക്ക് ഇനിയും ഒരുപാട് ട്രോളുകൾ വരും. എന്നെ ഇനിയും അടിച്ചമർത്തും. പക്ഷേ എന്നെ പിന്തുണച്ചാൽ സമൂഹത്തിൽ ഒരുപാട് മാറ്റം വരും. സമൂഹമാദ്ധ്യമത്തിലെ ഒന്നോ രണ്ടോ ലക്ഷം ആളുകളല്ല കേരളം. ഇവിടെ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ആളുകളുണ്ടെന്നും ഗായത്രി പറയുന്നു.
Comments