തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെന്ന ആരോപണവുമായി അനുപമ. ശിശുക്ഷേമസമിതി തെളിവ് നശിപ്പിക്കാൻ കൂട്ടു നിൽക്കുകയാണ്. ഡിഎൻഎ പരിശോധന ചിത്രീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് നടപ്പായില്ല. കുറ്റക്കാരെ സംരക്ഷിക്കാനും തെറ്റുകൾ മറച്ച് വയ്‌ക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അനുപമ ആരോപിച്ചു. നിലവിൽ ഈ വിഷയത്തിൽ വനിതാ-ശിശുവികസന വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറയുന്നു.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുവികസന ഡയറക്ടർ ടി.വി അനുപമ, അജിത്തിന്റേയും അനുപമയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിലും സംശയുണ്ടെന്നാണ് അനുപമയുടെ ആരോപണം. മൊഴിയെടുത്തപ്പോൾ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. കോടതിയിൽ പോകാത്തത് എന്താണെന്ന് ചോദിച്ചു. ശിശുക്ഷേമ സമിതിയിൽ പോയി അന്വേഷിച്ചതിന് രജിസ്റ്ററിൽ രേഖകൾ ഇല്ലെന്നാണ് അവർ ആവർത്തിക്കുന്നത്. സംഭവത്തിൽ വീഴ്ച പോലീസിനെന്ന രീതിയിൽ മാത്രം സംസാരിച്ചു. ശിശുക്ഷേമ സമിതിയേയും സിഡബ്ല്യുസിയേയും സംരക്ഷിക്കുന്ന നിലപാടാണ് വനിതാ ശിശു വികസന ഡയറക്ടർ സ്വീകരിച്ചതെന്നും അനുപമ ആരോപിക്കുന്നു.
സംസ്ഥാനത്തിനുള്ളിൽ ദത്ത് നടത്താനുള്ള ലൈസൻസ് മാത്രമാണ് ശിശുക്ഷേമ സമിതിക്കുള്ളത്. തെളിവുകൾ നശിപ്പിക്കാനാണ് എല്ലാവരെയും സംരക്ഷിക്കുന്നത്. സർക്കാരിന്റേയും വകുപ്പിന്റേയും ഭാഗത്ത് നിന്നും ഷിജുഖാൻ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അനുപമ പറയുന്നു.
















Comments