ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29ന് പാർലമെന്റിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിത്താനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്റിൽ അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്. ബിൽ ഈ മാസം 29 ന് പാർലമെൻറിൽ അവതരിപ്പിക്കുമ്പോൾ നിയമങ്ങൾ എന്തുകൊണ്ട് പിൻവലിച്ചുവെന്ന കാരണവും കേന്ദ്ര സർക്കാർ വ്യക്തമാക്കും. ഇതിന് ശേഷം ബിൽ രാഷ്‌ട്രപതി ഒപ്പു വെയ്‌ക്കുന്നതോടെ നിയമം റദ്ദാകും.
അതേസമയം കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനത്തിന് പാർലമെന്റിന്റെ കൂടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ പ്രതിഷേധ പരിപാടികൾ അവസാനിപ്പിക്കു എന്ന നിലപാടിലാണ് കർഷക സംഘടനകൾ. താങ്ങുവില നിയപരമായി ഉറപ്പാക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യത്തിനും കേന്ദ്രസർക്കാർ അംഗീകാരം നൽകിയേക്കും. താങ്ങുവില ഉറപ്പാക്കുന്നത് ഉൾപ്പെടെ ആറ് ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്.
















Comments