തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷാവിധി മത ഭീകരവാദികൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. എട്ട് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തശേഷം ഒളിവിൽ പോയ രണ്ട് പ്രതികൾക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കൂട്ടക്കൊലയിൽ എൻഡിഎഫിനുള്ള പങ്ക് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് കോടതി വിധിയെന്നും വത്സൻ തില്ലങ്കേരി പ്രതികരിച്ചു.
ഗൂഢാലോചനയെ തുടർന്നാണ് അക്രമമുണ്ടായതെന്ന കോടതി വിധിയിലെ പരാമർശം ഏറെ ഗൗരവമർഹിക്കുന്നതാണ്. സ്ഫോടകവസ്തു നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി, മാറാടിന് പുറത്തുള്ളതാണെന്ന വസ്തുത കൂട്ടക്കൊലയ്ക്ക് പിന്നിൽ ബാഹ്യബന്ധമുണ്ടെന്നതിനുള്ള ശക്തമായ തെളിവാണ്. മതഭീകര സംഘടനകളാണ് ഒളിവിലായിരുന്ന പ്രതികൾക്ക് നിയമ സഹായമടക്കമുള്ള പിന്തുണകൾ നൽകിയത്. മാറാട് കൂട്ടക്കൊലയെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ സംരക്ഷിച്ചവർ ആരൊക്കെയാണെന്ന് പൊതുസമൂഹത്തിന് അറിയണമെന്നും തില്ലങ്കേരി പറഞ്ഞു.
കൂട്ടക്കൊലയ്ക്ക് ശേഷം ഇരകളെ അവഗണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്ത ഇരുമുന്നണികളുടെയും നിലപാടിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധി. ഉറ്റവർ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച അരയ സമാജത്തിന്റെയും ഹിന്ദു സംഘടനകളുടെയും വിജയമാണിത്. എവിടെ ഒളിച്ചാലും ഭീകരവാദികൾക്ക് രക്ഷപ്പെടാനാവില്ലെന്ന് വിധി തെളിയിക്കുന്നു. എൻഡിഎഫിനെ സംരക്ഷിക്കുന്ന സർക്കാരും രാഷ്ട്രീയ പാർട്ടികളും ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















Comments