കൊച്ചി: കുറുപ്പ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സ്റ്റിക്കർ ഒട്ടിച്ച് കാർ പുറത്തിറക്കിയ സംഭവത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ സ്റ്റിക്കർ നീക്കം ചെയ്ത് അണിയറ പ്രവർത്തകർ. കാറിലെ സ്റ്റിക്കർ നീക്കം ചെയ്യുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരം നൽകാതെ ഒരു സിനിമക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവർക്കും നിയമം ഒരുപോലെയാകണമെന്നും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. കുറിപ്പ് പ്രെമോഷൻ വാഹനത്തിന്റെ ചിത്രം സഹിതം സാമൂഹിക മാദ്ധ്യമങ്ങളിലായിരുന്നു വിമർശനം.
മോഡിഫിക്കേഷൻ അനുവദിക്കുന്ന നിയമത്തിനായി എല്ലാവരും ഒന്നിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇ ബുൾജെറ്റ് വ്ലോഗർമാരും വാഹനത്തിനെതിരെ രംഗത്തെത്തിയിരുന്നു. വാഹന പ്രേമികൾക്കിടയിൽ നിന്നും വിമർശനങ്ങൾ ശക്തമായതോടെ പ്രതികരണവുമായി കുറുപ്പിലെ അണിയറ പ്രവർത്തകരും എത്തി.
കാറിൽ സ്റ്റിക്കറൊട്ടിച്ച് നിരത്തിൽ ഇറക്കിയത് നിയമപ്രകാരം പണം നൽകിയാണെന്നാണ് ഇവരുടെ വാദം. പാലക്കാട് ആർ.ടി.ഒ ഓഫീസിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വാഹനം റോഡിൽ ഇറക്കിയത് എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. എന്നാൽ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച രസീതാണ് അണിയറക്കാർ പ്രചരിപ്പിച്ചതെന്ന് പിന്നീട് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കാറിലെ സ്റ്റിക്കർ നീക്കം ചെയ്തത്.
















Comments