പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകനായ രണ്ടാം പ്രതിയെ റിമാൻഡ് ചെയ്തു. പാലക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
നിലവിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് പുരോഗമിക്കുന്നതിനാൽ അറസ്റ്റിലായവരുടെ പേരും ഫോട്ടോയും വിലാസവും അടക്കം വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയ സെക്രട്ടറി പദവി വഹിക്കുന്ന ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണ്.
നവംബർ 22 നാണ് കൊലപാതക സംഘത്തിലെ പ്രധാന പ്രതികളിലൊരാളായ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കൊലപാതക സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്ന മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചിരുന്നു.
നേരത്തെ പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവർ കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നു. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് കസ്റ്റഡിയിലുള്ള സുബൈർ. ഇയാളുടെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു മലമ്പുഴ മമ്പറത്ത് വച്ച് സഞ്ജിത്ത് കൊല്ലപ്പെട്ടത്. കിണാശ്ശേരി മമ്പ്രത്താണ് കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്‌ക്കു മുന്നിൽവച്ചാണ് എസ്ഡിപിഐ ഗുണ്ടകൾ വടിവാളുമായി ആക്രമിച്ചത്.
Comments