ലക്‌നൗ: കോൺഗ്രസ് വെന്റിലേറ്ററിലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്. ഒരു നേതൃത്വമോ നയമോ ഇല്ലാതെ കോൺഗ്രസ് പാർട്ടി വെന്റിലേറ്ററിൽ കഴിയുകയാണെന്ന വസ്തുത ഈ രാജ്യത്തെ എല്ലാവർക്കുമറിയാമെന്ന് കേന്ദ്രമന്ത്രി. ഭാരതീയ ജനതാ യുവമോർച്ചയുടെ യൂത്ത് അപ്‌ലിഫ്റ്റ്‌മെന്റ് പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്ഗമ കോൺഗ്രസ് ഉപേക്ഷിച്ച് തൃണമൂലിൽ ചേർന്നത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. വെന്റിലേറ്ററിൽ കിടക്കുന്നതിന് സമാനമായ സാഹചര്യത്തിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്. ഇക്കാര്യം ലോകം മുഴുവൻ അംഗീകരിച്ചതാണ്. ഒരു നയമോ നേതൃത്വമോ ഒന്നും തന്നെ ഇന്ന് കോൺഗ്രസിനില്ല. രണ്ട് പ്രധാനപ്പെട്ട വസ്തുതകളുടെയും അഭാവത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഭാവി തികച്ചും ഇരുട്ടിലായിരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാഷ്‌ട്രീയത്തിൽ താൽപര്യമുള്ള ജനങ്ങൾ കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്ത് കോൺഗ്രസ് പാർട്ടിയെന്ന അദ്ധ്യായം തന്നെ അവസാനിച്ച് കഴിഞ്ഞു. മഹാത്മഗാന്ധിയും കോൺഗ്രസിന്റെ അവസാനം മനസിൽ കണ്ടതാണ്. സ്തംഭിച്ച അവസ്ഥയിലാണ് ഇന്ന് കോൺഗ്രസ്. പാർട്ടിയിൽ തന്നെ ചേരിതിരിവുകൾ ഉടലെടുത്ത സാഹചര്യത്തിൽ ഭാവിയിൽ രാഷ്‌ട്രീയം സ്വപ്‌നം കാണുന്ന ആരും തന്നെ കോൺഗ്രസിന്റെ ഭാഗമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഗജേന്ദ്ര സിംഗ് ശേഖാവത്ത് പ്രതികരിച്ചു.
















Comments