മഡ്ഗാവ്: ഐഎസ്എല്ലിൽ രണ്ടാമത്തെ മത്സരത്തിലും വിജയം കണ്ടെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനതിരായ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. കളിയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ അടിക്കുന്നതിൽ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചു. ആദ്യ മത്സരത്തിൽ എടികെ മോഹൻബഗാനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ പോയിന്റ് ലഭിച്ചു. എതിരാളികളായ നോർത്ത് ഈസ്റ്റിനും പോയൻറ് പട്ടികയിൽ അക്കൗണ്ട് തുറന്നു. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സ് ആറ് തവണ ഗോളിലേക്ക് ലക്ഷ്യം വെക്കുകയും മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്തു പായിക്കുകയും ചെയ്തപ്പോൾ നോർത്ത് ഈസ്റ്റിന് ഒറ്റത്തവണ പോലും ലക്ഷ്യത്തിലേക്ക് പന്തു തൊടുക്കാനായില്ല.
ആദ്യ പകുതിയിൽ ജോർജെ ഡയസും രണ്ടാം പകുതിയിൽ സഹൽ അബ്ദുൾ സമദും നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാശിഷ് റോയ് മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരങ്ങൾ പുറത്തേക്ക് അടിച്ചു കളഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സിന്റെ വിധി ഉറപ്പിച്ചു. ആദ്യ പകുതിതിയിൽ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റങ്ങൾ തടയാൻ നോർത്ത് ഈസ്റ്റ് നന്നായി വിയർത്തു.
30ാം മിനിറ്റിൽ ലൂണയുടെ മനോഹരമായൊരു ക്രോസ് ബോക്‌സിനകത്തേക്ക് താണിറങ്ങിയെങ്കിലും തലവെച്ച ജോർജെ ഡയസിന് ലക്ഷ്യം കാണാനായില്ല. ആറ് മിനിറ്റിനകം ജോർജെ ഡയസിന് മത്സരത്തിലെ ഏറ്റവും അനയാസ അവസരം ലഭിച്ചു. ഇത്തവണയും ലൂണയുടെ തന്ത്രപരമായ നീക്കത്തിൽ പന്ത് കാലിലെത്തിയ ഡയസ് ഗോൾ കീപ്പർ സുഭാശിഷ് റോയ് മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്കടിച്ച് മികച്ച അവസരം പാഴാക്കി.
രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. വിൻസിയുടെ പാസിൽ പന്ത് ഗോൾ പോസ്റ്റിലേക്ക് തൊടുത്തു വിടുന്നതിന് പകരം സഹൽ പുറത്തേക്ക് അടിച്ചു കളയുന്ന കാഴ്‌ച്ചയാണ് കണ്ടത്. 83ാം മിനിറ്റിൽ നിഷുകുമാറിന്റെ പാസിൽ നിന്ന് വാസ്‌ക്വസ് തൊടുത്ത ഹെഡ്ഡർ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരി ഇടത്തേക്ക് ഡൈവ് ചോയ്ത് തട്ടിയകറ്റി. പുതിയ ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച രക്ഷപ്പെടുത്തലിനായിരുന്നു മഡ്ഗാവ് സ്റ്റേഡിയം സാക്ഷിയായത്.
















Comments