തിരുവനന്തപുരം : എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഇടത് ഭീകതയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഫസൽ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ രാധാകൃഷ്ണന്റെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുസാരികളായല്ലാതെ ഒരാൾക്കും കേരളത്തിൽ സമാധാനമായി നീതിപൂർവം ജീവിക്കാനോ സ്വതന്ത്രമായി പ്രവർത്തിക്കാനോ സാധിക്കില്ല എന്നതാണ് അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നടക്കുന്ന ഭരണകൂട ഭീകരത പുറം ലോകം അറിയാതിരിക്കാൻ കേരളത്തിലെ സാംസ്‌കാരിക അടിമലോകവും മുഖ്യധാരാ മാധ്യമ കുത്തകകളും കാട്ടുന്ന ജാഗ്രത ജുഗുപ്സാവഹമാണ്. ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുസാരികളായല്ലാതെ ഒരാൾക്കും കേരളത്തിൽ സമാധാനമായി നീതിപൂർവം ജീവിക്കാനോ സ്വതന്ത്രമായി പ്രവർത്തിക്കാനോ സാധിക്കില്ല എന്നതാണ് അവസ്ഥ. പ്രതികരിക്കുന്നവരെ ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ ജീവച്ഛവമാക്കും. ജീവഭയം കൊണ്ടും സ്ഥാനമാനങ്ങളിലുള്ള ആർത്തികൊണ്ടും എല്ലാം കണ്ണടച്ചിരുട്ടാക്കുന്ന സമൂഹമേ നീ പാതാളത്തിലേക്ക് താണുപോവുകയാണ്- സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം പ്രവർത്തകർക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സർക്കാരിന്റെ പ്രതികാരത്തിന് പാത്രമായ കെ. രാധാകൃഷ്ണൻ ഇന്ന് സെക്യൂരിറ്റിപ്പണി ചെയ്താണ് ഉപജീവനം നയിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാധാകൃഷ്ണന്റെ ദുരവസ്ഥ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഇതിനിടെയാണ് പ്രതികരണവുമായി സനൽകുമാർ ശശിധരൻ രംഗത്ത് വന്നത്.
















Comments