ന്യൂഡൽഹി : സ്റ്റാൻഡ് അപ്പ് കോമഡി അവസാനിപ്പിക്കുന്നുവെന്ന് കൊമേഡിയൻ മുനവർ ഫാറൂഖി .ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിനെ തുടർന്ന് ഫാറൂഖിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം .
ബെംഗളൂരുവിൽ നടത്തേണ്ടിയിരുന്ന ഷോ റദ്ദാക്കിയതിനു പിന്നാലെ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഫാറൂഖി ഇക്കാര്യം അറിയിച്ചത് . പ്രതിഷേധങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ തന്റെ 12 ഷോകൾ റദ്ദാക്കിയതായും ഫാറൂഖി കൂട്ടിച്ചേർത്തു.
ഷോ നടത്താനിരുന്ന ബെംഗളൂരു ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയം മാനേജർക്ക് പോലീസ് നൽകിയ നിർദ്ദേശത്തിനു പിന്നാലെയാണ് മുനവറിന്റെ ഷോ റദ്ദാക്കിയത്. ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്നും പോലീസ് പറഞ്ഞു . മുനവർ വിവാദ നായകനാണെന്നും കത്തിൽ പോലീസ് വ്യക്തമാക്കി. മുനവർ ഫാറൂഖിയുടെ ഷോയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും സംഘാടകർ പോലീസ് നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പല സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ കോമഡി ഷോകൾ നിരോധിച്ചിട്ടുണ്ട്.
പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സംഭവത്തിൽ മുനാവർ ഫാറൂഖിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഇൻഡോറിലെ കഫേയിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹാസ്യപരിപാടിക്കിടെയാണ് ഫാറൂഖിയും സംഘവും ഹിന്ദു ദേവൻമാരെയും, ദേവതകളെയും അപമാനിച്ചത്.
പതിനാലു വർഷം വനവാസം അനുഷ്ഠിച്ചതിനെ പരിഹസിക്കുകയും, ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് അശ്ലീമായി സംസാരിക്കുകയുമായിരുന്നു ഫാറൂഖി . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ച് ഇവർ പരാമർശം നടത്തിയിരുന്നു. സംഭവം അറിഞ്ഞ ഹിന്ദു രക്ഷക് സൻസ്ത പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മുനാവർ ഫാറൂഖിയെ പോലീസ് അറസ്റ്റ് ചെയ്തത്.
















Comments