കോഴിക്കോട്: മയക്കുമരുന്നുമായി പിടികൂടിയ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകന് ചട്ടംലംഘിച്ച് ജാമ്യം അനുവദിച്ചു. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ കെ.എ നെൽസന്റെ മകൻ നിർമ്മലിനെയാണ് കോഴിക്കോട് എക്‌സൈസ് ഉദ്യോഗസ്ഥർ ജാമ്യം നൽകി വിട്ടയച്ചത്. ശനിയാഴ്ച രാത്രിയിലാണ് നിർമ്മൽ മയക്കുമരുന്നുമായി പിടിയിലായത്. പ്രതിയെ രാത്രിയിൽ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
മയക്കുമരുന്ന് കേസുകളിൽ പിടിയിലായവരുടെ പക്കൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കളുടെ അളവ് എത്ര ചെറുതായാലും സ്റ്റേഷൻ ജാമ്യം നൽകരുതെന്ന് പല ജില്ലകളിലും എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സർക്കുലർ നൽകിയിട്ടുണ്ട്. ഈ ചട്ടംലംഘിച്ചാണ് ഉന്നത ഉദ്യോഗസ്ഥന്റെ മകന് ജാമ്യം അനുവദിച്ചെന്ന് ആരോപണം.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയാണ് പിടിയിലായ നിർമ്മൽ. ശനിയാഴ്ച രാത്രി കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും ആർപിഎഫ് പിടികൂടിയ പ്രതിയെ എക്‌സൈസിന് കൈമാറുകയായിരുന്നു. തുടർന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അതിനുശേഷം നിർമ്മലിനെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇയാൾക്ക് കൗൺസിലിംഗ് നൽകുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാർത്ഥിയായതുകൊണ്ടുമാണ് ഇയാളെ ജാമ്യത്തിൽ വിട്ടതെന്നാണ് ഉ്‌ദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം 2.1 ഗ്രാം ബ്രൗൺഷുഗറുമായി അറസ്റ്റിലായ രണ്ട് യുവാക്കളെ എക്‌സൈസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥന്റെ മകന് ജാമ്യം അനുവദിച്ചത് ഏത് നിയമപ്രകാരമാണെന്ന് ചോദ്യമുയരുന്നത്.
എന്നാൽ, കുറഞ്ഞ അളവിൽ മയക്കുമരുന്ന് പിടികൂടുന്ന കേസുകളിൽ പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകുന്നതിൽ തെറ്റില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ പ്രതികരിച്ചത്.
















Comments