ന്യൂഡൽഹി:വിവാദസെൽഫിയിൽ പ്രതികരണവുമായി ശശിതരൂർ എംപി.ഒരു തമാശ എന്ന രീതിയിലാണ് പാർലമെന്റ് സമ്മേളനത്തിനിടെ വനിതാ എംപിമാർക്കൊപ്പം സെൽഫി ട്വീറ്റ് ചെയ്തതെന്നും അതിഷ്ടപ്പെടാത്തവരോട് ക്ഷമ ചോദിക്കുന്നുെന്നും ശശി തരൂർ പ്രതികരിച്ചു.
വനിതാ എംപിമാർ മുൻകൈയെടുത്ത് ചെയ്ത സെൽഫി സംഭവം ഒരു നർമ്മമെന്ന തരത്തിലായിരുന്നു.അതേ സ്പിരിറ്റിൽ തന്നെ ട്വീറ്റ് ചെയ്യാൻ അവരാണ് എന്നോട് ആവശ്യപ്പെട്ടത്. ചില ആളുകൾക്ക് അതിഷ്ടപ്പെടാത്തതിൽ ഞാൻ ഖേദിക്കുന്നു. പക്ഷെ ജോലി സ്ഥലത്തെ സൗഹൃദത്തിന്റെ ഈ പ്രകടനത്തിൽ ഭാഗമായതിൽ ഞാൻ സന്തുഷ്ടനാണ്. ഇത്രയേ ഉള്ളുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
‘ആര് പറഞ്ഞു ലോക്സഭ ജോലി ചെയ്യാൻ ആകർഷകമായ സ്ഥലമല്ലെന്ന് , ഇന്ന് രാവിലെ എന്റെ ആറ് സഹ എംപിമാർക്കൊപ്പം’ എന്ന കുറിപ്പോടെയാണ് ശശീതരൂർ ഫോട്ടോ ട്വീറ്റ് ചെയ്തത്.തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ മിമി ചക്രബർത്തി, നുസ്രത് ജഹാൻ, കോൺഗ്രസ് എംപി ജോതിമണി സെന്നിമലൈ, ഡിഎംകെ എംപി തമിഴാച്ചി തങ്കപാണ്ഡ്യൻ, എൻസിപി എംപി സുപ്രിയ സുലേ, അമരീന്ദർ സിംഗിന്റെ ഭാര്യയും പഞ്ചാബിൽ നിന്നുള്ള എംപിയുമായ പ്രണീത് കൗർ എന്നിവരാണ് തരൂരിനൊപ്പം ചിത്രത്തിലുണ്ടായിരുന്നത്.
പോസ്റ്റിനു താഴെ നിരവധി പേർ വിമർശനവുമായെത്തിയിരുന്നു. സ്ത്രീകളെ അവരുടെ സൗന്ദര്യം വെച്ച് അളക്കേണ്ട സ്ഥലമല്ല ലോക്‌സഭയെന്നായിരുന്നു പലരുടേയും വിമർശനം.ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ട്രോളുകളാണ് ശശി തരൂരിനെതിരെ വന്നത്.
Comments