ഇടുക്കി: സംസ്ഥാനത്ത് തുടരുന്ന കനത്തമഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ തുറന്നിരിക്കുന്ന v2,v3 ഷട്ടറുകളെ കൂടാതെ v4,v5 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. രണ്ട് ഷട്ടറുകളും 0.30 സെന്റീമീറ്റാണ് ഉയർത്തിയിരിക്കുന്നത്.1682.44 ക്യുസെക്‌സ് ജലമാണ് പുറത്തുവിടുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് തമിഴ്‌നാട് സർക്കാർ നൽകി.ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്‌നാട് ഒൻപത് ഷട്ടറുകൾ ഉയർത്തിയിരുന്നു.രാത്രിയിൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്ക് ഉയർന്നതോടയാണ് തമിഴ്‌നാട് ഷട്ടറുകൾ തുറന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷട്ടറുകൾ തുറന്നു. കൃത്യമായ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ജലവിഭവവകുപ്പ് മന്ത്രി തമിഴനാടിനോട് പ്രതിഷേധം അറിയിക്കുകയും അപ്രതീക്ഷിതമായി ജലം തുറന്നുവിട്ടത് കേന്ദ്ര ജലകമ്മീഷൻ പ്രതിനിധിയെ അറിയിക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു. രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നത് ശരിയല്ലെന്നും വെള്ളം കൂടുതൽ വന്നാൽ അത് പകൽ ഒഴുക്കി വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇത് ചെവികൊള്ളാതെയാണ് തമിഴ്‌നാട് വീണ്ടും രാത്രി ഷട്ടറുകൾ തുറന്നത്.
















Comments