കൊച്ചി: കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്ക്ക് അവസരം വേണോ? എങ്കിൽ ഒച്ചിനെ പിടിച്ച് നേരെ മുഹമ്മ പഞ്ചായത്തിലേക്ക് നടന്നോളൂ..ഒച്ചു ശല്യം കാരണം ഏറ്റവും കൂടുതൽ ഒച്ചുകളെ പിടിക്കുന്നവർക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര ഒരുക്കിയിരിക്കുകയാണ് മുഹമ്മ പഞ്ചായത്ത് 12 ാം വാർഡ്. ആഫ്രിക്കൻ ഒച്ചിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ഒച്ച് രഹിത ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ നാലല ഘട്ടത്തിലാണ് ആകർഷകമായ സമ്മാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ ഒന്ന് മുതൽ പത്ത് വരെയാണ് പദ്ധതി നടപ്പിലാക്കുക. ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ ഒരുവർഷം നീണ്ടു നിൽക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിുന്നത്. ജൂൺ ഒന്ന് മുതലായിരുന്നു ഒന്നാം ഘട്ടം.ഓരോ രണ്ടുമാസം കൂടുമ്പോഴും പദ്ധതി ആവർത്തിക്കും.
പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പ് വാങ്ങി അത് ലായനിയാക്കി രാത്രിസമയങ്ങളിൽ വെച്ച് ഒച്ചുകളെ പിടിച്ച് നശിപ്പിക്കുന്നതാണ് രീതി.ഒരു വർഷം കൊണ്ട് ഒച്ചില്ലാത്ത ഒരു നാടാക്കി വാർഡിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Comments