തിരുവനന്തപുരം : സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി സംഭരിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ഇതിനായി തമിഴ്‌നാട്ടിലെ തെങ്കാശിയിലും, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സംഭരണകേന്ദ്രങ്ങൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉദ്യോഗസ്ഥർ തമിഴ്‌നാട് കൃഷി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
രാവിലെ പത്തരയോടെ തെങ്കാശിയിലുള്ള കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസിലാണ് ചർച്ച നടത്തുക. ഹോർട്ടികോർപ് എംഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തമിഴ്‌നാട്ടിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നത്.
ഇടനിലക്കാരില്ലാതെ ശേഖരിക്കുന്ന പച്ചക്കറി ഹോർട്ടികോർപ്, വിഎഫ്പിസികെ തുടങ്ങിയവ വഴി വിൽക്കാനാണ് സർക്കാർ ആലോചന. അടുത്തിടെ സർക്കാർ നേരിട്ട് പച്ചക്കറി സംഭരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പച്ചക്കറി വിലയിൽ കുറവുവന്നിരുന്നു. ഇതേ തുടർന്നാണ് സംഭരണകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം.
അതേസമയം വിലക്കയറ്റം നിയന്ത്രിക്കാനുള്ള പണിപ്പെട്ട ശ്രമങ്ങൾ ഹോർട്ടികോർപ്പ് തുടരുകയാണ്. വില വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതൽ തമിഴ്‌നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും ഹോർട്ടികോർപ്പ് കേരളത്തിലേക്ക് പച്ചക്കറി എത്തിച്ച് വിൽപ്പന നടത്തുകയാണ്.
















Comments