ന്യൂഡൽഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി 300 സീറ്റുകൾ നേടാനുള്ള സാധ്യത താൻ കാണുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ചിൽ നടന്ന റാലിയിലാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന ഗുലാം നബി ആസാദിന്റെ വാക്കുകൾ.
‘കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ കഴിയൂ. നിലവിലുള്ള കേന്ദ്രസർക്കാർ അത് റദ്ദാക്കി. അതുകൊണ്ട് പുതിയൊരു സർക്കാർ വരേണ്ടി വരും. പക്ഷേ 2024ലും കോൺഗ്രസ് 300 സീറ്റുകൾ നേടുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. 300 സീറ്റുകൾ നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിനുള്ള യാതൊരു സാധ്യതയും ഇപ്പോൾ കാണുന്നില്ലെന്നും’ ഗുലാം നബി ആസാദ് പറഞ്ഞു.
‘ രാഷ്‌ട്രീയപരമായ കാര്യങ്ങളിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. ഒരു പാർട്ടിക്കെതിരേയും സംസാരിക്കാനുമില്ല. എല്ലാ രാഷ്‌ട്രീയപാർട്ടികളും മറുപക്ഷത്തുള്ളവരെ അധിക്ഷേപിച്ച് സംസാരിക്കുന്നതിന് പകരം പ്രവർത്തിച്ച് കാണിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജനങ്ങൾക്ക് വിശ്വാസമുണ്ടാകുന്ന രീതിയിൽ അവർക്ക് പ്രവർത്തിക്കാനാകണമെന്നും’ ഗുലാം നബി ആസാദ് പറഞ്ഞു.
















Comments