ന്യൂഡൽഹി: ജവാദ് ചുഴലിക്കാറ്റിന് മുന്നോടിയായി രക്ഷാപ്രവർത്തങ്ങൾക്ക് ദേശീയ ദുരന്തനിവാരണ സേന സുസജ്ജമെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ. ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുള്ള മേഖലകളിൽ മാത്രമായി 33 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചുണ്ടെന്ന് അതുൽ കർവാൾ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് എൻഡിആർഎഫ് മേധാവി ഇക്കാര്യം അറിയിച്ചത്.
‘ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുള്ള മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചുണ്ട്. ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് വീശാൻ സാധ്യത. അതിനാൽ തന്നെ ഈ ജില്ലകളിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എൻഡിആർഎഫ് സംഘത്തിന്റെ എല്ലാ വിധ സേവനങ്ങലും ഈ ജില്ലകളിൽ ഉറപ്പാക്കും’ എന്ന് അതുൽ കർവാൾ പറഞ്ഞു.
തീരപ്രദേശങ്ങളിലേയ്‌ക്ക് 29 എൻഡിആർഎഫ് സംഘങ്ങളെ ഇതിനോടകം അയച്ചിട്ടുണ്ട്. നിലവിൽ 33 സംഘങ്ങളാണ് പ്രദേശങ്ങളിലുള്ളത്. തീരപ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്‌ക്ക് മാറ്റിപാർപ്പിച്ചുവരികയാണെന്നും എൻഡിആർഎഫ് മേധാവി കൂട്ടിച്ചേർത്തു.
ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ ആൻഡമാൻ കടലിൽ ന്യൂമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ഒഡീഷ തീരത്ത് ചുഴലിക്കാറ്റിന്റെ രൂപത്തിൽ എത്തിപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേയ്‌ക്ക് കാറ്റ് കടക്കുമെന്നാണ് മുന്നറിയിപ്പ്. കരയിലേക്ക് എത്തുന്നതോടെ കാറ്റിന് 80 മുതൽ 90 കിലോമീറ്റർ വരെ വേഗം കൈവന്നേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്.
















Comments