തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി അനുചിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാർ നടപടി പിൻവലിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.മുസ്ലീം സംഘടനകൾ ഉയർത്തിയ ആശങ്കകൾ കണക്കിലെടുക്കാതെ ഖവഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ദൂരവ്യാപകമായ ഭവിഷ്യത്തുകൾക്ക് വഴിവെയ്‌ക്കുന്ന വീണ്ടുവിചാരമില്ലാത്ത നടപടിയാണ് ഉണ്ടായത്. മതസൗഹാർദത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാൻ ഇടയാക്കുന്നതാണ് സർക്കാർ നടപടി.വഖഫ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാൻ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്ന മുസ്ലീം സംഘടനാ നേതാക്കളുടെ ബദൽ നിർദ്ദേശം പൂർണമായി അവഗണിച്ച് സർക്കാർ നടപടി അപലപനീയമാണ്. വഖഫ് നിയനമം പി.എസ്.സിക്ക് വിടുക വഴി സിപിഎം വിവേചനമാണ് കാട്ടിയതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ നടപടി പുനപരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കോൺഗ്രസ് കടക്കുമെന്ന് അദ്ദഹേം കൂട്ടിച്ചേർത്തു.
മതം എന്ന് പറയുന്നത് ഒരു സ്വകാര്യ പ്രസ്ഥാനമാണ്.എല്ലാ മതങ്ങൾക്കും ഭരണഘടനാ പ്രകാരം അനുവദനീയമായ അവകാശങ്ങളുണ്ട്.അതിൽ പ്രധാനം ഒരു മതത്തെ നിയന്ത്രിക്കുന്നത് ആ മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാകണമെന്നതാണ്. അങ്ങനെയുള്ളതാണ് വഖഫ് ബോർഡ്. അതിൽ സർക്കാറിന് നിയന്ത്രണമില്ലെന്നത് വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments