ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു. ‘ദ റെയിൽവേ മാൻ’ എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മാധവൻ ആണ്.ഭോപ്പാൽ ദുരന്തത്തിൽ ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ച ഭോപ്പാൽ റെയിൽ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മാധവനോടൊപ്പം ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു.
കഴിഞ്ഞ ദിവസമാണ് സീരീസിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ശിവ് റവെയ്ലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ഇന്ത്യൻ സിനിമ നിർമാണ കമ്പനിയായ യാഷ് രാജ് ഫിലിംസിന്റെ സ്ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആർഎഫ് എന്റർടെയ്ൻമെന്റ് ആണ് നിർമാണം.സീരീസ് അടുത്ത വർഷം ഡിസംബർ 2ന് സംപ്രേക്ഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗുജറാത്തി, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളിൽ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോൻ എന്ന കൃഷ്ണ കുമാർ മേനോനും സീരീസിൽ പ്രധാന വേഷത്തിലുണ്ട്.
1984 ഡിസംബർ 2 നാണ് ഭോപ്പാൽ ഗ്യാസ് ദുരന്തം നടന്നത്. അമേരിക്കയുടെ യൂണിയൻ കാർബൈഡ് കമ്പനിയുടെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം.ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മുപതിനായിരത്തിനടുത്ത് ആൾക്കാർ ഭോപ്പാൽ ദുരന്തത്തിൽ കൊല്ലപ്പെടുകയും രണ്ട് ലക്ഷത്തിൽപരം ആളുകൾ നിത്യരോഗികളാകുകയും ചെയ്തുവെന്നാണ് കണക്ക്.
















Comments