തിരുവനന്തപുരം:പെരിയകൊലപാതക കേസിലെ സിബിഐ അന്വേഷണം തടയാൻ പിണറായി സർക്കാർ ചിലവിട്ടത് ലക്ഷങ്ങൾ.പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ.യ്‌ക്ക് വിട്ട കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ 90,92,337 രൂപയാണ് ചിലവിട്ടത്. കെപിസിസി നിർവാഹക സമിതി അംഗം ബാബുജി ഈശോയ്‌ക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്.
രേഖ പ്രകാരം സി.പി.എം പ്രവർത്തകർ പ്രതികളായ ഈ കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർക്ക് വേണ്ടിയാണ് 90,92,337 ലക്ഷം രൂപ ചെലവിട്ടത്.വിവിധ ഘട്ടങ്ങളിൽ ഹാജരായ മൂന്ന് അഭിഭാഷകർക്കായി 88 ലക്ഷം രൂപയാണ് നൽകിയതെന്നാണ് രേഖ.സുപ്രീംകോടതിയിൽ നിന്നുളള സീനിയർ അഭിഭാഷകരെ എത്തിച്ചായിരുന്നു സർക്കാർ കേസ് വാദിച്ചത്.
അഭിഭാഷകനായ മനീന്ദർസിങിന് 60 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഇയാളെ കൂടാതെ കേസിനായി ഹാജരായ മറ്റു രണ്ടു അഭിഭാഷകന്മാരായ രജിത്ത് കുമാറിന് 25 ലക്ഷവും പ്രഭാസ് ബജാജിനു മൂന്നുലക്ഷവും പ്രതിഫലമായി നൽകി. ഈ ഇനത്തിലെ ആകെ ചെലവ് 88 ലക്ഷം രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സർക്കാർ ചെലവിട്ടു.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബറിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
















Comments