തിരുവനന്തപുരം: ഗീത ഗോപിനാഥ് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) തലപ്പത്തേക്ക്. ജനുവരിയിൽ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആകും. നിലവിലെ ഡയറക്ടർ ജെഫ്രി ഒകാമോട്ടോ അടുത്ത വർഷം സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഗീത ഗോപിനാഥ്. ഇപ്പോൾ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുകയാണ്.
ജനുവരിയിൽ ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിയുകയാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. തിരികെ ഹാർവാഡ് സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലേക്ക് മടങ്ങുമെന്നാണ് ഐഎംഎഫ് അറിയിച്ചത്. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി മൂന്ന് വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ പദവി വഹിക്കുന്ന ആദ്യ വനിത കൂടിയാണ് ഗീത ഗോപിനാഥ്
2018ലാണ് ഗീത ഗോപിനാഥ് ചീഫ് ഇക്കണോമിസ്റ്റായി ചുമതല ഏറ്റെടുക്കുന്നത്. 2016 ജൂലൈ മുതൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം ചെയ്തിരുന്നു. രണ്ടുവർഷം സൗജന്യമായാണ് ഗീത മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചത്. ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക ഉപദേശക സ്ഥാനം രാജിവച്ചത്. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന് ശേഷം ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി നിയമിക്കപ്പെടുന്ന ഇന്ത്യക്കാരി കൂടിയായിരുന്നു ഗീത ഗോപിനാഥ്.
Comments