ന്യൂഡൽഹി:സംസ്ഥാന സർക്കാർ സ്ത്രീകൾക്കൊപ്പമെന്ന് നിരന്തരം പറയുമ്പോഴും വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കാണെന്ന് തെളിയിക്കുന്നതാണ് ക്രൈം റെക്കോർഡുകൾ.സമീപകാല സംഭവങ്ങളും ഇത് ശരിവെക്കുന്നുണ്ട്.കേരളത്തിൽ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നതായും പോലീസ് പ്രതികളെ സഹായിക്കുന്നുവെന്നും കെ മുരളീധരൻ കഴിഞ്ഞ ദിവസം ലോകസഭയിൽ ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ രോഷം പങ്കുവച്ച മന്ത്രി സ്മൃതി ഇറാനി ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണെന്നും കേന്ദ്രസർക്കാർ വേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും വ്യക്തമാക്കി.
കേരളത്തിൽ 2018 2020 കാലയളവിൽ 33 ബാല വിവാഹങ്ങൾ സംബന്ധിച്ച കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.18 കേസുകൾ 2018 ലും , 7 കേസുകൾ 2019 ലും 8 കേസുകൾ 2020 ലും രജിസ്റ്റർ ചെയ്തതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് കേരളത്തിലെ വർദ്ധിച്ച കണക്കുകൾ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയത്.
കേന്ദ്ര സർക്കാർ സമയാസമയങ്ങളിൽ ബാലവിവാഹത്തിനെതിരെ ബോധവൽക്കരണ പദ്ധതികൾ നടപ്പാക്കുന്നുന്നുണ്ട്.ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതി വഴി ലിംഗ സമത്വം , ശൈശവ വിവാഹം നിരുത്സാഹപ്പെടുത്തൽ ഉൾപ്പെടെയുള്ള നയപരിപാടികൾ നടപ്പാക്കിവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ ഓരോ കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ലെന്നതാണ് സത്യം.ഇരയോടപ്പമല്ല വേട്ടക്കാരനോടൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഈ അടുത്തിടെ ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിയുടെ കേസ്.
ഭർതൃവീട്ടിലെ പീഡനം സഹിക്ക വയ്യാതെ പോലീസിനെ സമീപിച്ചപ്പോൾ നിരാശയായിരുന്നു ഫലം.നിയമം പരിപാലിക്കേണ്ട പോലീസും കൂടെ നിൽക്കാത്തതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ ജനരോക്ഷം ഉയർന്നപ്പോഴാണ് സർക്കാർ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
















Comments