പായലെ വിട പൂപ്പലെ വിട. എന്നെന്നേയ്‌ക്കും വിട. എന്നാല്‍ അങ്ങനെയങ്ങ് വിടപറയാന്‍ വരട്ടെ. പായലും പൂപ്പലും എന്നുപറഞ്ഞ് തള്ളിയകാലത്തുനിന്ന് പൂന്തോട്ടമൊരുക്കുന്നവരുടെ അമൂല്യവസ്തുമായി പായല്‍ മാറുകയാണ്. പായലും പൂപ്പലും കൊണ്ട് പൂന്തോട്ടം പണിയുകയാണ് പുതിയകാലത്തെ ഉദ്യാനകല. പൂന്തോട്ടനിര്‍മാണത്തില്‍ പുതുഇനങ്ങളും പുതുരീതികളും പരീക്ഷിക്കുന്ന മലയാളിക്ക് കൗതുകമൊരുക്കുകയാണ് കൊക്കെഡാമ തോട്ടം.
ആളൊരു ജപ്പാനാണെന്ന് വെറുതെ പറഞ്ഞതല്ല. ജപ്പാനാണ് കൊക്കെഡമാ തോട്ടത്തിന്റെ പ്രഭവകേന്ദ്രം. ‘കോക്ക്’ എന്നാല്‍ പായല്‍ ‘ഡാമ’ യെന്നാല്‍ പന്ത്. അപ്പോള്‍ കൊക്കെഡാമയെന്നാല്‍ പായല്‍ പന്ത്. പായലുകൊണ്ട് പന്തുപൊലൊരു തോട്ടമുണ്ടാക്കുന്നോ…?
സംഭവം വെരി സിംപിള്‍. പായല്‍ പന്തുകള്‍ ഒരുക്കുകയാണ് ആദ്യം. ചുമ്മാ പറമ്പിലൂടെ നടക്കുമ്പോള്‍ ചുമരിലൊ തറയിലോ ഒക്കെ കാണാവുന്ന പായല്‍ മണ്ണടക്കം ചെത്തിയെടുക്കണം. നിലത്തുപാകന്‍ പുല്ല് ചെത്തിയെടുക്കാറില്ലെ അതുപോലെ തന്നെ. ഇങ്ങനെ ചെത്തിയെടുത്ത പായലാണ്.
കൊക്കെഡാമയുടെ സൗന്ദര്യം.
മണ്ണും കമ്പോസ്റ്റും ചികരിച്ചോറും തുല്യമായി ചേര്‍ന്നമിശ്രിതം പന്തുപോലെ കുഴച്ചെടുക്കണം. ഒരുപൊതിച്ച തേങ്ങയേക്കാള്‍ അല്‍പം കൂടി വലുപ്പത്തില്‍. അതില്‍ കൂടുതലും ആവാം. ഒരുഭാഗത്ത് തുളയിട്ട് വളര്‍ത്താനാവശ്യമായ ചെടിയുടെ വേരാഴ്‌ത്തണം. പന്തുപോലെ കുഴച്ചെടുത്ത മിശ്രിതത്തെ പായല്‍കൊണ്ട് പൊതിയണം. പന്തില്‍ പായല്‍ ഉറച്ചുനില്‍ക്കാന്‍ നേര്‍ത്തനൂലുകൊണ്ട് വലപോലെ കെട്ടണം. അങ്ങനെ കൊക്കെഡാമ തയ്യാറായി.
ഇനി അവയെ പരിചരിക്കുന്നതും ശ്രദ്ധിച്ചുവേണം. വെള്ളം സ്‌പ്രേചെയ്ത് ഈര്‍പ്പം നിലനിര്‍ത്തണം. ചെടിയുടെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ പോഷകവസ്തുക്കള്‍ ചേര്‍ത്ത വെളളം ചേര്‍ക്കുന്നതാണ് ഉത്തമം. വിവിധ ചെടികളെ ബോണ്‍സായ് രൂപത്തില്‍ വളര്‍ത്തുന്ന കൊക്കെഡാമ അലങ്കാര ചെടികളായി വീടിനകത്തും ടെറസിലും സണ്‍ഷേഡിലുമൊക്കെ വളര്‍ത്താം. സിമന്റ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കാത്ത തികച്ചും പരിസ്ഥിതി സൗഹൃദമാണ് കൊക്കെഡാമ.അപ്പോ കൊക്കെഡാമ ഒന്നു പരീക്ഷിക്കുന്നോ..? സഹായത്തിന് ഫോണ്‍: 9449076864
Comments