തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമാണെന്ന് പോലീസ് ഉറപ്പിച്ചുപറഞ്ഞിട്ടും വകവെയ്‌ക്കാതെ സിപിഎം. ആർഎസ്എസുകാർ കൊലപ്പെടുത്തിയെന്ന പോസ്റ്ററുകൾ നാടുനീളെ പതിച്ചാണ് സിപിഎം ഇതിന് പ്രചാരണം നൽകുന്നത്. സന്ദീപിന്റെ വിലാപയാത്രയിൽ മൃതശരീരം കൊണ്ടുവന്ന ആംബുലൻസിലും ഈ പോസ്റ്ററുകൾ ചുറ്റിലും പതിച്ചിരുന്നു.
കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും രാഷ്‌ട്രീയ സംഘർഷമല്ലെന്നും പ്രതികളെ പിടികൂടിയ ശേഷവും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സിപിഎം ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കൊല്ലപ്പെട്ട സന്ദീപും പ്രതികളും തമ്മിൽ തർക്കം നിലനിന്നുവെന്നത് പോലീസ് മെനഞ്ഞെടുത്ത കഥയാണെന്നാണ് സിപിഎം ഭാഷ്യം. അതേസമയം
പിടിയിലായ സിപിഎം പ്രവർത്തകർ ഉൾപ്പെടെയുളള പ്രതികൾ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സമ്മതിച്ച ശേഷമാണ് പോലീസ് മാദ്ധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊലപാതകത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് ബിജെപി നേതൃത്വവും ആർഎസ്എസും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഇക്കാര്യം അംഗീകരിക്കാതെ സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും രാഷ്‌ട്രീയ കൊലപാതകമാണെന്നും പ്രതികൾ ആർഎസ്എസുകാരാണെന്നും ആരോപിക്കുകയാണ്. പ്രതികളിൽ മൂന്ന് പേർ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. മറ്റൊരാൾ മുൻപ് യുവമോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ പേരിലാണ് സിപിഎം രാഷ്‌ട്രീയ കൊലപാതകമെന്ന ലേബൽ ചുമത്തുന്നത്.
പാർട്ടി പതാക പുതപ്പിച്ച് വിലാപയാത്രയായിട്ടാണ് സന്ദീപ് കുമാറിന്റെ മൃതദേഹം എത്തിച്ചത്. റെഡ് വോളന്റിയർമാർ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളിൽ അകമ്പടിയും ഉണ്ടായിരുന്നു. വഴിനീളെ ബത്ത് കമ്മറ്റികൾക്കും മറ്റും ആദരാഞ്ജലി അർപ്പിക്കാനും സൗകര്യമൊരുക്കിയിരുന്നു.
എന്നാൽ സിപിഎമ്മുകാർ പിടിയിലായിട്ടും ആർഎസ്എസ് ആണ് കൊലപാതകം നടത്തിയതെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധവും ഉയരുന്നുണ്ട്. പ്രതികളിൽ മിക്കവർക്കും നല്ല ക്രമിനൽ പശ്ചാത്തലം ഉളളവരുമാണ്. ജിഷ്ണു, നന്ദുകുമാർ, കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽ, പ്രമോദ് പ്രസന്നൻ എന്നിവരാണ് പിടിയിലായത്.
















Comments