തൊടുപുഴ: സാമൂഹ്യമാദ്ധ്യമത്തിൽ വന്ന പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ പ്രവാചകനിന്ദ ആരോപിച്ച് ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. തൊടുപുഴ മുള്ളരിങ്ങാട് താന്നിക്കൽ മനുസുധനെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. മക്കളുടെ മുൻപിൽ വെച്ചായിരുന്നു മർദ്ദനം.
വെള്ളിയാഴ്‌ച്ച രാവിലെ പതിനൊന്നിനാണ് സംഭവം. മുള്ളരിങ്ങാട് നിന്ന്
ബസിൽ തൊടുപുഴയ്‌ക്ക് കുട്ടികളുമായി വരുന്നതിനിടയിലാണ് മതതീവ്രവാദികൾ വളഞ്ഞത്. മങ്ങാട്ടുകവല മുസ്ലിംപള്ളിക്ക് സമീപത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബസ് തടയുകയായിരുന്നു. ബസിൽ കയറിയ സംഘം പോക്കറ്റടിക്കാരൻ എന്ന് ആരോപിച്ചാണ് മനുസുധനെ മർദ്ദിക്കാൻ തുടങ്ങിയത്. പിന്നീട് പോപ്പുലർ ഫ്രണ്ടിനോടു കളിച്ചാൽ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ യഥാർത്ഥചിത്രം മനസിലായത്.
സമീപത്തുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടതോടെയാണ്
അക്രമിസംഘം പിന്തിരിഞ്ഞത്. മർദ്ദനത്തിനിടെ മക്കൾ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞെങ്കിലും അക്രമികൾ വിട്ടില്ല. ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ് മനുസുധൻ.
മാസങ്ങൾക്ക് മുമ്പ് ആലുവ കെഎസ്ആർടിസി എംപ്ലോയിസ് യൂണിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മതഭീകര സംഘടനകളെ അനുകൂലിച്ച് ഒരു വിഭാഗം പോസ്റ്റുകൾ ഷെയർ ചെയ്തു. ഇതിനു താഴെയായി പ്രധാനമന്ത്രിയെ പ്രകീർത്തിച്ചുകൊണ്ട് മനുസുധൻ പോസ്റ്റിട്ടു. ഇതിനെതുടർന്ന് മനുസുധനെ ഗ്രൂപ്പിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിനെച്ചൊല്ലിയാണ് മതഭ്രാന്തൻമാരുടെ ക്രൂരത അരങ്ങേറിയത്.
മർദ്ദനമേറ്റ മനുസുധനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൊടുപുഴ പോലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments