ശ്രീകാക്കുളം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് കരയിൽ തൊടാൻ മണിക്കൂറുകൾ മാത്രം. മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഡീഷയുടെയും ആന്ധ്രയുടെയും തീരപ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ഒഡീഷയിലെ പുരി ബീച്ചിൽ നിന്ന് കച്ചവടക്കാരെ ഉൾപ്പെടെ ഒഴിപ്പിച്ചു. മൂന്ന് സംസ്ഥാനങ്ങൾക്കാണ് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഒഡീഷയിലും ആന്ധ്രയിലും കനത്ത മഴയ്‌ക്കും കാറ്റ് വഴിവെക്കുമെന്ന് മുന്നറിയിപ്പുണ്ട്. ആന്ധ്രയിൽ 197 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. 11 എൻഡിആർഎഫ് സംഘങ്ങളെയും തയ്യാറാക്കിയിട്ടുണ്ട്. ആന്ധ്രയുടെ മൂന്ന് ജില്ലകളിൽ നിന്നായി അൻപതിനായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ശ്രീകാക്കുളം, വിശാഖപട്ടണം, വിസിയാനഗരം എന്നീ ജില്ലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. രണ്ട് ഹെലികോപ്ടറുകളും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
നാവികസേനയും എൻഡിആർഎഫും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. 13 പ്രളയദുരിതാശ്വാസ സംഘങ്ങളെയും നാല് ഡൈവിങ് ടീമുകളെയും ഉൾപ്പെടെ തയ്യാറാക്കി നിർത്തിയതായി നാവികസേന അറിയിച്ചു. ആന്ധ്ര, ഒഡീഷ തീരമേഖലയിൽ മെഡിക്കൽ ടീമുകളെ ഉൾപ്പെടെ സജ്ജമാക്കി നാല് നാവികസേനാ കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തെത്താൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ നാളെയോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല.
















Comments