മുംബൈ: അജാസ് പട്ടേലിന്റെ 10 വിക്കറ്റ് നേട്ടത്തിന്റെ ആഹ്ലാദം മാറും മുമ്പേ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ന്യൂസിലാന്റ്. രണ്ടാം ദിനത്തിൽ 325 റൺസിന് ഇന്ത്യയെ പുറത്താക്കിയശേഷം ബാറ്റിങ് തുടങ്ങിയ കിവീസിന് ആദ്യ ഇന്നിങ്‌സിൽ 62 റൺസിന് എല്ലാവരും പുറത്തായി. രണ്ട് കളിക്കാർ മാത്രമാണ് ഇരട്ട അക്കം കണ്ടത്. ഓൾറൗണ്ടർ ജൈമിസൺ(17) ആണ് ടോപ്‌സ്‌കോറർ. ക്യാപ്റ്റൻ ടോം ലാത്തം(10) ഇരട്ട അക്കം തികച്ച മറ്റ് താരം. സ്‌കോർ 10ൽ നിൽക്കെ കിവീസിന്റെ ആദ്യ വിക്കറ്റ് വീണു. വിൽ യങ്(4) ആണ് പുറത്തായത്. തുടർന്ന് ലാത്തം പുറത്തായി. പിന്നിട് ക്രീസിലെത്തിയ പരിചയസമ്പന്നനായ റോസ് ടെയ്‌ലർ(1) വേഗം മടങ്ങി. അപ്പോൾ സ്‌കോർബോർഡിൽ 17 റൺസ് മാത്രമായിരുന്നു.
ഡാരിൽ മിച്ചൽ(8),ഹെന്റി നിക്കോളാസ്(7),ടോം ബ്ലൻഡൽ(8),രച്ചിൻ രവീന്ദ്ര(4) എന്നിങ്ങനെയായിരുന്നു മറ്റുളളവരുടെ സ്‌കോർ. ടിം സൗത്തി, വില്യം സോമർവിൽ എന്നിവർ സ്‌കോർ ചെയ്യാനാവാതെ പുറത്തായി. അവസാനക്കാരനായ അജാസ് പട്ടേൽ(0) പുറത്താവാതെ നിന്നു. ന്യൂസിലാന്റിന് വേണ്ടി എല്ലാ വിക്കറ്റുകളും നേടിയത് ഇടംകൈയ്യൻ ലെഗ് സ്പിന്നർ അജാസ് പട്ടേൽ ആയിരുന്നുവെങ്കിൽ ഇന്ത്യൻ നിരയിൽ എല്ലാ ബൗളർമാരും തിളങ്ങി. ആർ അശ്വിൻ നാലും, മുഹമദ് സിറാജ് മൂന്നും, അക്ഷർ പട്ടേൽ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. ശേഷിച്ച വിക്കറ്റ് ജയന്ത് പട്ടേൽ കരസ്ഥമാക്കി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 263 റൺസിന്റെ ലീഡ് നേടി.
ന്യൂസിലാന്റിനു മേൽ ഫോളോഓൺ നേടിയ ഇന്ത്യ എതിരാളികളെ വീണ്ടും ബാറ്റിങിന് അയക്കാതെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ വിക്കറ്റ് പോകാതെ 13 റൺസ് നേടിയിട്ടുണ്ട്. ഇതോടെ ആതിഥേയർക്ക് 275 റൺസിന്റെ ലീഡായി.
Comments