മൂന്ന് ഫുട്‌ബോൾ മൈതാനങ്ങൾ മറികടന്ന് നിറയൊഴിക്കുന്ന എകെ-203; യുപിയിൽ അഞ്ച് ലക്ഷം റൈഫിളുകളുടെ ഉൽപാദനത്തിന് അനുമതി

Published by
Janam Web Desk

ന്യൂഡൽഹി: ഉത്തർപ്രദേശിലെ തോക്ക് നിർമാണ ഫാക്ടറിയിൽ അഞ്ച് ലക്ഷം എകെ-203 റൈഫിളുകൾ ഉൾപാദിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. യുപിയിലെ അമേത്തിയിൽ സ്ഥിതിചെയ്യുന്ന കോർവയിലാണ് റൈഫിളുകളുടെ ഉൽപാദനം ആരംഭിക്കുക. പ്രതിരോധ നിർമാണ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സ്വയം പര്യാപ്തത വർദ്ധിപ്പിക്കുന്നതിന് ഇതൊരു മുതൽക്കൂട്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അസംസ്‌കൃത വസ്തുക്കളുടെ വിതരണം നടത്തുന്ന ചെറുകിട സംരംഭങ്ങളെ സഹായിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

എകെ-47 തോക്കുകളുടെ പരിഷ്‌കൃത രൂപമാണ് റഷ്യയുടെ എകെ-203 റൈഫിളുകൾ. ഇവയുടെ നിർമാണത്തിനും റഷ്യയുമായാണ് രാജ്യം കൈക്കോർക്കുന്നത്. മൂന്ന് ഫുട്‌ബോൾ മൈതാനങ്ങളുടെ അത്രയും ദൂരം കടന്ന് നിറയൊഴിക്കാനാകുമെന്നതാണ് ആധുനിക തോക്കുകളായ എകെ-203 റൈഫിളുകളുടെ പ്രത്യേകത. അതായത് ഏകദേശം 300 മീറ്ററിലധികം ദൂരം. ഇവ ഭാരം കുറഞ്ഞതും കരുത്തുറ്റതുമാണ്.

കഴിഞ്ഞ മുപ്പത് വർഷത്തോളമായി സേവനം നടത്തുന്ന ഐഎൻഎസ്എഎസ് റൈഫിളുകൾക്കാണ് റഷ്യൻ റൈഫിളായ എകെ-203 പകരമാകുക. ഇതിനായി സംയുക്ത സംരംഭകർ ചേർന്നാണ് ഇന്ത്യയിൽ ഉൽപാദനം ആരംഭിക്കുന്നത്. ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് അഥവ ഐആർആർപിഎല്ലിന്റെ കീഴിലാണ് ഉത്പാദനം.

എകെ-203 റൈഫിളുകളിൽ ഉപയോഗിച്ചിരിക്കുന്ന ആധുനിക സാങ്കേതികവിദ്യയിൽ ഹൈടെക് ആഡ്-ഓണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം സേനയുടെ ദൗത്യങ്ങൾക്ക് ഇത് കൂടുതൽ ഫലപ്രാപ്തി നൽകും. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാകും ഈ ആക്രമണ റൈഫിളുകൾ.

Share
Leave a Comment