ന്യൂഡൽഹി: ഒറ്റ ദിവസം ഒരു കോടി വാക്‌സിനെന്ന നേട്ടം വീണ്ടും മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇന്ന് 1,01,27,536 ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാത്രിയോടുകൂടി കണക്കിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ രാജ്യത്ത് ആകെ വാക്‌സിനേഷൻ 127.58 കോടി പിന്നിട്ടു. ഇതിൽ ആദ്യ ഡോസ് സ്വീകരിച്ചവർ 80 കോടി പിന്നിട്ടു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചത് 47.54 കോടി പേരാണ്. 16 കോടിയിലധികം വാക്‌സിൻ നൽകിയ യുപിയാണ് സംസ്ഥാനങ്ങളിൽ മുന്നിൽ.
മഹാരാഷ്‌ട്രയിൽ 11 കോടി പിന്നിട്ട് രണ്ടാം സ്ഥാനത്തുണ്ട്. ബംഗാൾ, മദ്ധ്യപ്രദേശ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇന്ന് ഏറ്റവും കൂടുതൽ ഡോസ് നൽകിയത് ബീഹാറാണ്. 15 ലക്ഷത്തോളം ഡോസാണ് നല്കിയത്. തമിഴ്‌നാട് 14 ലക്ഷത്തിലധികം ഡോസ് നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജസ്ഥാനാണ് 10 ലക്ഷം മറികടന്ന മറ്റൊരു സംസ്ഥാനം. ഉത്തർപ്രദേശ്(9,85,216) വാക്‌സിൻ നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ ഇന്ത്യ 2.5 കോടി ഡോസ് നൽകി റെക്കോർഡ് നേടിയിരുന്നു. ഒക്ടാബർ 21ന് രാജ്യം നൂറു കോടി ഡോസ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇതുവരെ നൽകിയ വാക്‌സിനിൽ 113 കോടിയിലധികം കോവീഷീൽഡാണ്. കൊവാക്‌സിൻ 14 കോടിയിലധികം വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 138 കോടിയിലധികം വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു.
Comments