കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ബന്ധമുള്ളവരുടെയും ഇയാൾ നടത്തിയ ലഹരി പാർട്ടികളിൽ സ്ഥിരമായി പങ്കെടുക്കുന്നവരുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സൈജുവിനെ ചോദ്യം ചെയ്തപ്പോൾ ഇയാളുമായി അടുത്ത ബന്ധം പുലർത്തുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പപ്പടവട’ എന്ന റസ്റ്റോറന്റ് ഉടമ മീനു പോളിന്റെയും ഭർത്താവ് അമലിന്റെയും വിവരം പോലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇരുവരും ഇതുവരെ ഹാജരായിട്ടില്ലെന്നും ഒളിവിലാണെന്നും അന്വേഷണ സംഘം പറയുന്നു.
മീനു പോളും ഭർത്താവും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൻ തോതിൽ സ്വത്ത് സമ്പാദിച്ചത് ലഹരി മരുന്ന് ഇടപാടിലൂടെയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഷ്‌ട്രീയ-സിനിമ രംഗത്തെ പ്രമുഖരുമായും മീനുവിന് ബന്ധമുണ്ട്. അതിനാൽ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പല പ്രമുഖരും പിടിയിലാകുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്.
നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഇയാളെ അനുകൂലിച്ച് മീനു സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. മാത്രമല്ല റോയ് വയലാട്ടിനെ പിന്തുണച്ച് മീനു സംസാരിച്ചിരുന്നു. പോലീസിന്റെ സംശയം ഉറപ്പിക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി സൈജു തങ്കച്ചനെ ചോദ്യം ചെയ്തപ്പോൾ പോലീസിന് മീനു പോളിന്റെ ദൃശ്യങ്ങളും വിവരങ്ങളും ലഭിച്ചിരുന്നു. അങ്ങിനെയാണ് ഇവരുടെ പേര് റിമാൻഡ് റിപ്പോർട്ടിൽ വന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.
സൈജു നടത്തിയ ലഹരി പാർട്ടിയിൽ പങ്കെടുത്ത 17 പേർക്കെതിരെയാണ് നിലവിൽ കേസുള്ളത്. ഇയാളുടെ മൊബൈലിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ ലഹരി ഉപയോഗിച്ച് നടത്തിയ പല ഇടപാടുകളുടെയും ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 17 പേരിൽ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. പലരും ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
















Comments