മുംബൈ: തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. 200 കോടിയുടെ തട്ടിപ്പ് കേസിലുൾപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് 10 കോടിയിലധികം വില വരുന്ന സമ്മാനങ്ങളാണ് സുകേഷ് നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ, നടി നോറ ഫത്തേഹിക്കും സുകേഷ് കോടികളുടെ സമ്മാനം നൽകിയിരുന്നതായി കുറ്റപത്രത്തിൽ പരാമർശിക്കുന്നു. 200 കോടിയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയാണ് സുകേഷ് ചന്ദ്രശേഖർ.
തട്ടിപ്പ് കേസിൽ സുകേഷ് ജയിലിൽ കഴിഞ്ഞിരുന്ന സമയങ്ങളിലും ഇയാൾ ജാക്വിലിനുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. 2021 ജനുവരി മുതൽ ഇവർ തമ്മിൽ പല ഇടപാടുകളും നടന്നതായി ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. ജാക്വിലിന് കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളാണ് പ്രതി നൽകിയിരുന്നത്.
വജ്രാഭരണങ്ങൾ, ഒൻപത് ലക്ഷത്തിന്റെ നാല് പേർഷ്യൻ പൂച്ച കുഞ്ഞുങ്ങൾ, 52 ലക്ഷത്തിന്റെ ഒരു കുതിര എന്നിവയാണ് ജാക്വിലിന് ഇയാൾ സമ്മാനിച്ചത്. ഏകദേശം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് കൈമാറിയതെന്ന് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുകേഷ് ജാമ്യത്തിലിറങ്ങിയ സമയത്ത് ചാർട്ടേർഡ് വിമാനത്തിൽ ഇരുവരും യാത്ര ചെയ്തിരുന്നു.
സുകേഷ് ജാമ്യത്തിലിറങ്ങിയ സമയം ഇയാളുടെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യാനായി ഏകദേശം 8 കോടി രൂപ ചെലവഴിച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൂടാതെ ജാക്വിലിന്റെ ബന്ധുക്കൾക്കും ഇയാൾ പണം നൽകിയിരുന്നു. സുകേഷുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ജാക്വിലിന്റെ അടുത്ത സ്റ്റാഫുകളെ ഇഡി ചോദ്യം ചെയ്തിരുന്നു.
സുകേഷുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു നടിയാണ് നോറ ഫത്തേഹി. ഇവർക്കായി ഒരു ബിഎംഡബ്ല്യൂ കാറും ആപ്പിളിന്റെ വിലകൂടിയ ഫോണും സുകേഷ് നൽകിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. 200 കോടിയുടെ തട്ടിപ്പ് കേസിന് പുറമെ, 20ഓളം കവർച്ച കേസിലെ പ്രതിയാണ് സുകേഷ് ചന്ദ്രശേഖർ. ജയിലിനുള്ളിൽ നിന്നും ഇയാൾ പണമിടപാട് നടത്തിയിരുന്നതായി ഇഡിയ്‌ക്ക് വിവരം ലഭിച്ചിരുന്നു.
Comments