ന്യൂയോർക്ക്: കൊറോണ വ്യാപനം തിർത്ത പ്രതിസന്ധിയിൽ നിന്നും ലോകം കരകയറുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ പുതുവഴികളുമായി നിരവധി പേരാണ് എത്തിയത്. അതിൽ പ്രധാനമാണ് വാക്‌സിനുകൾ. വാക്‌സിനിലും പുതിയ വഴികൾ തേടുകയാണ് ഗവേഷകർ. കുത്തിവെയ്‌ക്കുന്നതും മൂക്കിൽ സ്‌പ്രെ ചെയ്യുന്നതും ഗുളിക രൂപത്തിലുമുള്ള കൊറോണ പ്രതിരോധ വാക്‌സിനുകൾ വിവിധ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ സസ്യത്തിലെ പ്രോട്ടീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ച്യൂയിംഗം കഴിച്ച് കൊറോണയെ തടയാമെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഗവേഷകർ.
ഹെൻട്രി ഡാനിയേലിന്റെ നേതൃത്വത്തിൽ പെൻസ് സ്‌കൂൾ ഓഫ് ഡെൻറൽ മെഡിസിൻ, പെറേൽമാൻ സ്‌കൂൾ ഓഫ് മെഡിസിൻ ആൻഡ് സ്‌കൂൾ വെറ്റിനറി മെഡിസിൻ, ദി വിസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്, ഫ്രാൻഹോഫർ യുഎസ്എ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് കണ്ടെത്തൽ നടത്തിയത്. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കൊറോണ പകരാനുള്ള സാദ്ധ്യത കുറയ്‌ക്കാമെന്നാണ് പുതിയ കണ്ടെത്തൽ.
‘ഉമിനീരിലെത്തുന്ന കൊറോണ വൈറസ് കൂടുകയും തുമ്മൽ, കഫം, സംസാരം എന്നിവയിലൂടെ പകരുകയുമാണ് ചെയ്യുന്നത്. ച്യൂയിംഗം ഉമിനീരിലെ വൈറസിനെ നിർവീര്യമാക്കുകയും രോഗബാധയുടെ സ്രോതസ്സിനെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് ഡാനിയേൽ പറഞ്ഞു. വാക്സിനേഷൻ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുണ്ട്. എന്നാൽ രോഗ പടരുന്നത് തടയാൻ സഹായിക്കുന്നില്ല. ഈ ചൂയിംഗം വൈറസിനെ പൂർണമായും നശിപ്പിക്കുമെന്നാണ് ഗവേഷക സംഘത്തിന്റെ അവകാശവാദം.
മോളിക്യുലാർ തെറാപ്പിയെന്ന ശാസ്ത്ര മാഗസീനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊറോണ ബാധിതരുടെ ഉമിനീർ സാംപിളുകൾ എസിഇ2 ഗമ്മുമായി ചേർത്ത് നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് വഴിതുറന്നത്. പഠനത്തിൽ കൊറോണ വൈറസിന്റെ ആർഎൻഎ ലെവൽ കണ്ടെത്താൻ കഴിയാത്ത തരത്തിൽ കുറയുകയായിരുന്നു. ഇതാണ് എസിഇ2 ച്യൂയിംഗം ഉപയോഗിച്ച് വൈറസിനെ കുറയ്‌ക്കാൻ സാധിക്കുമെന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്. ക്ലിനിക്കൽ പരിശോധന നടത്താനുള്ള അനുമതി തേടാനൊരുങ്ങുകയാണ് ഗവേഷക സംഘം.
















Comments