മുംബൈ: നവംബർ മാസത്തിലെ വാഹന വിൽപ്പന കണക്കുകൾ പുറത്ത് വരുംബോൾ മുന്നിട്ട് നിൽക്കുകയാണ് സാധാരണക്കാരന്റെ സ്വന്തം മാരുതി സുസുക്കി. രാജ്യത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന 10 എസ് യുവികളിൽ ഒന്നാം സ്ഥാനവും മാരുതിയ്‌ക്ക് തന്നെ. ഹ്യൂണ്ടായിയും, ടാറ്റയും കിയയും മാരുതിയ്‌ക്ക് പിന്നാലെയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, രാജ്യത്തെ മൊത്തം വാഹന വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെക്കാൾ 14.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മാരുതിയുടെ എക്കാലത്തെയും ജനപ്രിയ മോഡലുകളായ വാഗൺആർ, സ്വിഫ്റ്റ്, ആൾട്ടോ, വിറ്റാര ബ്രെസ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറുകളിൽ മുൻപന്തിയിലുള്ളത്. വിൽപ്പനയിൽ മികച്ച് നിൽക്കുന്ന പത്ത് കാറുകളുടെ പട്ടിക ചുവടെ നൽകിയിരിക്കുന്നു:
1) മാരുതി വാഗൺആർ
മാരുതിയുടെ ആദ്യ കാല മോഡലുകളിൽ ഒന്നായ വാഗൺആർ വിപണിയിൽ ഒന്നാം സ്ഥാനം മറ്റാർക്കും വിട്ട് നൽകാതെ കുതിക്കുകയാണ്. പഴയ മോഡലിൽ നിന്ന് രൂപത്തിലും കാര്യക്ഷമതയിലും അൽപ്പം മാറ്റം വരുത്തി അവതരിപ്പിച്ച പുത്തൻ വാഗൺആറും കീഴ് വഴക്കം തെറ്റിച്ചില്ല. നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്ത് വരുംബോൾ 16,853 കാറുകൾ വിറ്റഴിച്ച് മുന്നേറുകയാണ് മാരുതിയുടെ ഈ മോഡൽ. കഴിഞ്ഞ വർഷം ഇത് 16,256 ആയിരുന്നു.
2) മാരുതി സ്വിഫ്റ്റ്
ഹാച്ച്ബാക്കുകളിൽ ആളൊരു പുലിയാണെന്ന് സ്വിഫ്റ്റ് തെളയിച്ചു. ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റിന് മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാൻ സാധിച്ചില്ലെങ്കിലും ആളുകൾക്ക് ഇവൻ എന്നും പ്രിയപ്പെട്ടത് തന്നെയാണ്. നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്ത് വരുംമ്പോൾ, 14,568 സ്വിഫ്റ്റുകളാണ് മാരുതി വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും ഈ വർഷം നവംബർ മാസത്തിൽ രണ്ടാം സ്ഥാനത്താണ് മരുതിയുടെ ഈ ജനപ്രിയ മോഡൽ.
3) മാരുതി ആൾട്ടോ
ഒക്ടോബർ മാസത്തിൽ ആൾട്ടോയുടെ വിൽപ്പന കുതിച്ചിരുന്നെങ്കിലും നവംബർ മാസത്തിലെ കണക്കുകൾ പ്രകാരം വിൽപ്പനയിൽ ഇടിവുണ്ടായിരിക്കുകയാണ്. എന്നിരുന്നാലും 13,812 കാറുകൾ നവംബർ മാസത്തിൽ വിറ്റുകൊണ്ട് വിൽപ്പനയിൽ മൂന്നാം സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ് ആൾട്ടോ. ഒക്ടോബറിൽ 17,389 ആൾട്ടോയാണ് വിറ്റഴിക്കപ്പെട്ടത്. കുഞ്ഞൻ കാറിനെ വിപണിയിൽ മുന്നിലെത്തിക്കാൻ ആൾട്ടോയുടെ ഫെയിസ് ലിഫ്റ്റ് പതിപ്പ് മാരുതി ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
4) മാരുതി വിറ്റാര ബ്രെസ
മാരുതിയുടെ വിജയകരമായ സബ്-കോംപാക്ട് എസ് യുവികളിൽ ഒന്നാണ് വിറ്റാര ബ്രെസ. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ നിന്നും കുതിപ്പ് ഉണ്ടായിരിക്കുകയാണ് ഈ മോഡലിന്. നവംബർ മാസത്തിൽ 10,760 വിറ്റാര ബ്രെസാണ് മാരുതി വിറ്റതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
5) ഹ്യൂണ്ടായി ക്രെറ്റ
മാരുതിയുടെ ബ്രെസയോട് മത്സരിച്ചാണ് ക്രെറ്റ വാഹന വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങിയത്. എന്നാൽ വിപണിയിലെ നേരിയ വ്യത്യാസത്തിനാണ് ക്രെറ്റയ്‌ക്ക് നാലാം സ്ഥാനം നഷ്ടമായത്. നവംബർ മാസത്തിൽ 10,300 ക്രെറ്റയാണ് ഹ്യൂണ്ടായി വിറ്റത്. എന്നാൽ കഴിഞ്ഞ വർഷം 12,017 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിരുന്നു. വിറ്റാര ബ്രെസയുടെ ജനപ്രീതി തന്നെയാണ് ക്രെറ്റയ്‌ക്ക് എന്നും എതിരാളി.
6) മാരുതി ബലേനോ
ബലേനോയുടെ വിപണിയിലൂടെ വീണ്ടും വിൽപ്പന പട്ടികയിൽ മികച്ച് നിൽക്കുകയാണ് മാരുതി. ഒക്ടോബർ മാസത്തിൽ വിൽപ്പന കുതിച്ചു നിന്നെങ്കിലും നവംബർ മാസത്തിലെ വിൽപ്പനിയിൽ നേരിയ ഇടിവാണ് ബലേനോയ്‌ക്ക് ഉണ്ടായത്. ഒക്ടോബറിൽ 15,573 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് നവംബറിൽ 9,931 ബലേനോ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്.
7) ടാറ്റാ നെക്‌സോൺ
രാജ്യത്തെ മികച്ച പത്ത് കാറുകളുടെ പട്ടികയിൽ എന്നും ഉയർന്ന സ്ഥാനം തന്നെയാണ് ടാറ്റയുടെ നെക്‌സോണിനുള്ളത്. എന്നാൽ നവംബർ മാസത്തിലെ വിപണിയിൽ നേരിയ ഇടിവാണ് ടാറ്റയുടെ ഈ സബ്-കോംപാക്ട് എസ് യുവിയ്‌ക്ക് ഉണ്ടായത്. ഒക്ടോബറിൽ 10,096 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത്, നവംബറിൽ 9,831 കാറുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയ്‌ക്ക് 5-സ്റ്റാർ നേടിയ ടാറ്റയുടെ മികച്ച മോഡലാണ് നെക്‌സോൺ.
8) മാരുതി ഈക്കോ
നവംബറിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഒരേ ഒരു വാനാണ് മാരുതിയുടെ ഈക്കോ. നവംബറിൽ ഈക്കോയുടെ 9,571 യൂണിറ്റുകളാണ് മാരുതി വിറ്റത്. നിർമ്മാതാക്കളിൽ നിന്നും ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട മോഡലുകളിൽ ഒന്നാണ് ഈക്കോ.
9) മാരുതി എർട്ടിഗ
മാരുതിയുടെ 7-സീറ്റർ എംപിവിയായ എർട്ടിഗ വിപണിയിൽ ഒട്ടും തന്നെ പിന്നിലല്ല. നവംബറിൽ എർട്ടിഗയുടെ 8,752 മോഡലുകളാണ് മാരുതി വിറ്റഴിച്ചത്.
10) കിയ സെൽറ്റോസ്
രാജ്യത്തെ മികച്ച പത്ത് കാറുകളുടെ പട്ടികയിൽ ഒടുവിലത്തെ സ്ഥാനത്താണെങ്കിലും മറ്റ് എസ് യുവികളുടെ വിൽപ്പനയിൽ നിന്നും മികച്ച് നിൽക്കുകയാണ് സെൽറ്റോസ്. നവംബർ മാസത്തിൽ സെൽറ്റോസിന്റെ 8,659 യൂണിറ്റുകളാണ് കിയ വിറ്റഴിച്ചത്.
















Comments