പാലക്കാട്: പത്തനംതിട്ട കോട്ടാങ്ങലിൽ സ്‌കൂളിൽ പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലമായി ഞാൻ ബാബരി എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഇതുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനും കേന്ദ്രസർക്കാരിനുമുൾപ്പെടെ നിരവധി പരാതികളാണ് പോയിരിക്കുന്നത്. ഏറ്റവും ഒടുവിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകി.
യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദേശീയ അന്വേഷണ കമ്മീഷനും പരാതി നൽകിയത്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ മതസൗഹാർദ്ദം തകർത്തതിന്റെ പേരിലും ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയതിന്റെ പേരിലും കേസെടുക്കണമെന്ന് ആണ് പരാതിയിലെ ആവശ്യം.
ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്ത് നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് പിഞ്ചുകുട്ടികളെ സ്‌കൂളിന് മുൻപിൽ വെച്ച് നിർബന്ധപൂർവ്വം തടഞ്ഞുനിർത്തി ഞാൻ ബാബറി എന്ന ബാഡ്ജ് കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൊച്ചുകുട്ടികളിൽ ദേശവിരുദ്ധ ആശയങ്ങൾ അടിച്ചേൽപിക്കാനുളള പ്രൊപ്പഗൻഡയാണിതെന്നും നീക്കം അംഗീകരിക്കാനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നാട്ടിൽ നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രവൃത്തിയെന്നും ശബരിമലയ്‌ക്ക് പോകാൻ വൃതമെടുത്തിരുന്ന കുട്ടികളെ വരെ ഇത്തരത്തിൽ നിർബന്ധപൂർവ്വം ബാഡ്ജ് ധരിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് നൽകിയ പരാതിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ പത്തനംതിട്ട പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിരുന്നു. ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ള നൽകിയ പരാതിയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെയാണ് കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളിന് സമീപം കുട്ടികളെ തടഞ്ഞുനിർത്തി ഞാൻ ബാബരി ബാഡ്ജ് ധരിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.
















Comments