തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിൽ സ്‌കൂളിലേക്ക് പോയ കുട്ടികളെ തടഞ്ഞുനിർത്തി ബാബരി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കുട്ടികളെ ഭീഷണിപ്പെടുത്തി ‘ഞാൻ ബാബരി’ ബാഡ്ജ് ധരിപ്പിച്ചതിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ബിജെപി വക്താവിന്റെ പ്രതികരണം. ഇന്ത്യ തുർക്കിയാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അബ്ദുൾ സലാം എർദോഗനാവില്ലെന്നും രാജ്യത്ത് ഹാഗിയ സോഫിയ നടക്കില്ലെന്നും പ്രതികരിച്ചു.
സുപ്രീം കോടതി അന്തിമ വിധി പറഞ്ഞ് പൊതു സമൂഹം അംഗീകരിച്ച് ക്ഷേത്ര നിർമ്മാണവും പള്ളി നിർമ്മാണവും ഒരേ സമയം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യം ഒട്ടേറെ മുന്നോട്ടു പോയി. പണ്ടൊക്കെ കേരളത്തിൽ ഡിസംബർ ആറിന് മുസ്ലീം സംഘടനകൾ ഹർത്താൽ നടത്തിയിരുന്നെങ്കിൽ ഇപ്പോൾ ആരും ഗൗനിക്കുന്നു പോലുമില്ല. അപ്പോഴാണ് പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികൾ അന്യമത വിശ്വാസികളായ കൊച്ചുകുട്ടികളുടെ നെഞ്ചത്ത് ബാഡ്ജ് കുത്തി പ്രകോപനം സൃഷ്ടിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ യഥാർത്ഥ ഫ്രണ്ട് (സുഹൃത്ത് ) സിപിഎം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ പരാതി കൊടുത്താലും ഫലമില്ലെന്നും പോപ്പുലർ ഫ്രണ്ടിനെതിരെ കേസെടുക്കാതെ ഇടതു സർക്കാർ സംരക്ഷിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കോടിയേരിയുടെ വീട്ടിലേക്ക് ഓടിയ സംസ്ഥാന ബാലാവകാശ കമ്മീഷനെ പോലും ഇന്ന് കാണുന്നില്ല. കേന്ദ്ര കമ്മീഷനാണ് നേരിട്ട് ഇടപെട്ടിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനോട് ഒന്നേ പറയാനുള്ളൂ. ഇന്ത്യ തുർക്കിയാവില്ല, അബ്ദുൾ സലാം എർദോഗനുമാവില്ല. ഇന്ത്യയിൽ ഹാഗിയ സോഫിയ നടക്കില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കുട്ടികളെ ഞാൻ ബാബരി എന്ന ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചതിൽ പ്രതിഷേധം ശക്തമായതോടെയാണ് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്. മതസ്പർദ്ധ വളർത്താനും സാമുദായിക ലഹള സൃഷ്ടിക്കാനും പ്രതികൾ നീക്കം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളിലേക്ക് പോയ കുട്ടിളെ ഭീഷണിപ്പെടുത്തി ബാഡ്ജ് ധിരിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമർശനമുയരുകയും ചെയ്തിരുന്നു.
















Comments