ഭോപ്പാൽ: ഭൂമിക്കടിയിൽ നിന്നും രത്‌നങ്ങൾ കുഴിച്ചെടുത്ത് ലക്ഷപ്രഭുവായി കർഷകൻ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്. മദ്ധ്യപ്രദേശിലെ പന്നയിലാണ് സംഭവം. 13 കാരറ്റ് ഡയമണ്ടാണ് കർഷകനായ മുലായം സിംഗിന് ലഭിച്ചത്. ഏകദേശം അൻപത് ലക്ഷം വിലമതിക്കുന്ന വജ്രമാണ് അദ്ദേഹം കുഴിച്ചെടുത്തത്.
മുലായം സിംഗും ആറ് പേരും ചേർന്ന് ഖനനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിക്കുന്നത്. വജ്രക്കല്ലുകൾ ജില്ലാ ഡയമണ്ട് ഓഫീസിൽ നൽകിയിട്ടുണ്ടെന്നും സർക്കാർ നിയമപ്രകാരം ലേലം ചെയ്യുമെന്നും മുലായം സിംഗ് അറിയിച്ചു. 13.54 കാരറ്റ് വജ്രത്തിന് പുറമെ അഞ്ച് ചെറിയ വജ്രക്കല്ലുകളും മുലായം സിംഗിന് ലഭിച്ചു. രഹനൂയ ഗ്രാമത്തിലാണ് മുലായം സിംഗ് താമസിക്കുന്നത്.
രത്‌നം വിളയുന്ന മണ്ണ് എന്നാണ് മദ്ധ്യപ്രദേശിലെ പന്ന നഗരം അറിയപ്പെടുന്നത്. ഇവിടെ വജ്രം കുഴിച്ചെടുക്കാനായി ദിവസവും നിരവധി പേരാണ് എത്തുന്നത്. തന്റെ ജീവിതത്തിൽ ആദ്യമായി കണ്ടെത്തിയ വജ്രക്കല്ലുകൾ കൊണ്ട് ലഭിക്കുന്ന പണത്തിൽ കുട്ടികളെ പഠിപ്പിക്കുമെന്നാണ് മുലായം സിംഗ് പറഞ്ഞത്.
പ്രദേശത്ത് നിന്നും നിരവധി പേർക്ക് കോടികൾ വിലമതിക്കുന്ന വജ്രം ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഈ നഗരം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷം തോറും നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. മുഗൾ സാമ്രാജ്യത്തിനെതിരെ പട നയിച്ച ബുന്ദേല രജപുത്ര രാജാവായ ഛത്രസാൽ രാജാവിന്റെ തലസ്ഥാനമായിരുന്നു ഇവിടം.
Comments