വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വൻ തോതിൽ കഞ്ചാവ് കൃഷി നശിപ്പിച്ച് പോലീസ്. കഴിഞ്ഞ 36 ദിവസത്തിനിടയിൽ ആന്ധ്രയിലെ വിവിധ സ്ഥലങ്ങളിലായി 5964.85 ഏക്കർ കഞ്ചാവ് കൃഷിയാണ് ആന്ധ്ര പോലീസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്. 29,82,425 കഞ്ചാവ് ചെടികളാണ് ഈ സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിന് 1491.2 കോടി വില വരുമെന്നാണ് അധികൃതർ പറയുന്നത്. ആന്ധ്ര-ഒഡീഷ അതിർത്തികളിലാണ് വ്യാപകമായി കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തിയത്. പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചത്.
കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നതിന് പുറമെ ഇത്തരം കൃഷികളിലേക്ക് ഇറങ്ങുന്ന വനവാസികൾക്കായി ബദൽ ഉപജീവനമാർഗ്ഗം ഒരുക്കുന്നതിനുള്ള പദ്ധതികളും അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. മികച്ച വരുമാനമാർഗ്ഗം എന്ന നിലയിലാണ് പലരും ഈ കൃഷിയിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ഒക്ടോബർ 31നാണ് പരിവർത്തന എന്ന പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷൻ ആരംഭിച്ചത്. വനവാസികളെ കൊണ്ട് തന്നെ കഞ്ചാവ് കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ രീതിയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, ആളുകളുടെ മനോഭാവത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു.
എൻഫോഴ്‌സ്‌മെന്റ്, ഇന്റലിജൻസ് വിഭാഗങ്ങൾ സംയുക്തമായി പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം കഞ്ചാവ് കൃഷി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ഡിജിപി ഗൗതം സവാങ് പറഞ്ഞു. പോലീസ് ഡിപ്പാർട്‌മെന്റ് ഇതിനായി കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments