പമ്പ: താൽക്കാലികമായി നിർമിച്ച ഞുണങ്ങാർ പാലം പൊളിഞ്ഞത് സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും തലവേദനയാകുന്നു. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം ഒലിച്ചു പോയതിനെ തുടർന്നാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ വീണ്ടും പാലം നിർമിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 10 ദിവസം കൊണ്ടായിരുന്നു പാലത്തിന്റെ നിർമാണം. എന്നാൽ മൂന്ന് ദിവസം കൊണ്ട് തന്നെ പാലം പൊളിഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് പാലത്തിന്റെ നടുവിൽ ഒരു ഭാഗം ഒലിച്ചുപോയി കുഴിയായത്.
ഗാബിയോൺ സ്ട്രക്ചറിലാണ് നിർമാണമെന്നും 10 മുതൽ 15 വരെ ടൺ സംഭരണ ശേഷിയുള്ള ട്രാക്ടറുകൾ കടന്നുപോകുമെന്നും ആയിരുന്നു ഉദ്ഘാടനശേഷം സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അവകാശവാദം. 19.3 ലക്ഷം രൂപ വിനിയോഗിച്ച് 10 ദിവസം കൊണ്ടാണ് 20 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുളള പാലം നിർമിച്ചത്.
പുഴയിലെ വെള്ളം കടന്നുപോകാൻ രണ്ട് പാളികളായി 24 പൈപ്പുകൾ സ്ഥാപിച്ചിരുന്നു. താഴെ ഏഴും മുകളിൽ അഞ്ചുമായി 12 വെന്റുകളും ഒരുക്കി. ഇതിന് രണ്ട് വശത്തും ഉരുക്കുവലയ്‌ക്കകത്ത് കല്ലുകൾ അടുക്കിയാണ് ഗാബിയോൺ സ്ട്രക്ചർ തയ്യാറാക്കിയത്.
പാലത്തിന് മുകളിൽ ഒരു പാളി ജിഎസ്ബി (ഗ്രാന്യുലാർ സബ് ബേസ്) ഇട്ട് അതിന് മുകളിലൂടെയാണ് വാഹനം കടന്നുപോകാനുള്ള സംവിധാനം ഒരുക്കിയത്.
രണ്ട് വശത്തും തെങ്ങിൻ കുറ്റി പൈൽ ചെയ്ത്, വെള്ളപ്പാച്ചിലിൽ പാലം മറിഞ്ഞുപോകാത്ത വിധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പാലത്തിന് കേടുപാട് പറ്റിയതോടെ പാഴായി പോയ 19.3 ലക്ഷം രൂപ എവിടെ നിന്ന് നികത്തുമെന്ന ആശങ്കയിലാണ് ദേവസ്വം ബോർഡും സർക്കാരും.
















Comments