തൃശ്ശൂർ: പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ബോർഡിൽ തന്റെ ഫോട്ടോ എം.എൽ.എ.യുടെ ഫോട്ടോയെക്കാൾ ചെറുതായതിൽ പ്രതിഷേധിച്ച് തൃശ്ശൂർ മേയർ എം.കെ. വർഗ്ഗീസ് സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചു. വിവാദത്തെ തുടർന്ന് പി.ബാലചന്ദ്രൻ എംഎൽഎയും സ്ഥലത്ത് എത്തിയില്ല. വിജയ ദിനാചരണത്തിന്റെ ഭാഗമായാണ് പൂങ്കുന്നം ഗവ.സ്‌കൂളിൽ ബോർഡ് സ്ഥാപിച്ചത്. പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയെക്കാൾ വലുത് താനാണെന്നും ഫ്‌ളക്‌സിൽ ഫോട്ടോയുടെ വലിപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിൻസിപ്പലിനോടും മേയർ പരാതി പറഞ്ഞു. വേദിയിൽ കയറാനും അദ്ദേഹം തയ്യാറായില്ല.
ഫോട്ടോ ചെറുതായത് കൊണ്ട് തന്നെയാണ് മടങ്ങിയതെന്നും, മേയർ പദവിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം പേർ ചടങ്ങിൽ പങ്കെടുക്കാനായി സ്ഥലത്ത് എത്തിയിരുന്നു. ‘സ്‌കൂളിന്റെ നടത്തിപ്പ് കോർപ്പറേഷനാണ്. അവിടെ ഒരു പരിപാടി നടത്തുമ്പോൾ അതിന്റെ നോട്ടീസിനും ബോർഡിനുമെല്ലാം അനുമതിയും വാങ്ങണം. എംഎൽഎയുടെ പടം വലുതാക്കിയോ ചെറുതാക്കിയോ വയ്‌ക്കാം. പക്ഷേ പ്രോട്ടോക്കോൾ പ്രകാരം മേയറുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ പരിപാടിയിൽ മേയർക്കാണ് ഉയർന്ന സ്ഥാനം.’
‘ ആരാണ് അധ്യക്ഷനെന്ന് തിരിച്ചറിയാത്ത അവസ്ഥയായിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് ചിത്രം എങ്ങനെയാണ് വയ്‌ക്കേണ്ടതെന്ന് തന്നോട് ചോദിക്കാമായിരുന്നു. മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യമാണ്. എംഎൽഎയും എംപിയും തനിക്ക് താഴെയാണ്. ആ ബഹുമാനം നൽകിയില്ലെന്നും’ മേയർ എം.കെ.വർഗ്ഗീസ് ആരോപിച്ചു. വിവരമറിഞ്ഞ് എംഎൽഎ പി.ബാലചന്ദ്രനും ചടങ്ങിന് എത്താത്തതിനെ തുടർന്ന് സ്ഥിരം സമിതി ചെയർമാൻ എൻ.എ.ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
















Comments