ചെന്നൈ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച വ്യോമസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത് മോശം കാലാവസ്ഥയെ തുടർന്നെന്ന് സൂചന. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് മഞ്ഞ് മൂടിയ കാലാവസ്ഥയായാണ് അനുഭവപ്പെടുന്നത്. ഇത് ലാൻഡിംഗിനെ പ്രതികൂലമായി ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ലാന്റിംഗിന് തൊട്ടു മുൻപാണ് ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച 17v5 ഹെലികോപ്റ്റർ തകർന്നത്. ലാന്റിംഗ് സമയത്ത് മഞ്ഞിന് പുറമേ നേരിയ മഴയും പ്രദേശത്ത് അനുഭവപ്പെട്ടിരുന്നു. തുടർന്ന് മടങ്ങിപ്പോകാൻ ഒരുങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. മടങ്ങിപ്പോകാൻ ഒരുങ്ങുന്നതിനിടെ ഹെലികോപ്റ്ററിന്റെ ചിറകുകൾ മരച്ചില്ലകളിൽ തട്ടി. ഇതോടെ ഹെലികോപ്റ്റർ തകരുകയായിരുന്നു.
ഹെലികോപ്റ്റർ കത്തിയ ശേഷമാണ് മരങ്ങൾക്കിടയിലൂടെ താഴേക്ക് വീണത്. നിലത്തു വീണ ശേഷവും ഹെലികോപ്റ്റർ ഒരു മണിക്കൂറോളം കത്തി. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്.
ഉച്ചയ്‌ക്ക് 12.30 യോടെയായിരുന്നു ബിപിൻ റാവത്തുൾപ്പെട്ട 14 അംഗ സംഘം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിന് പുറമേ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എഎസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിംഗ്, എൻ.കെ ഗുർസേവക് സിംഗ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ മധുലിക റാവത്ത് ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റ ബിപിൻ റാവത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
















Comments