ന്യൂഡൽഹി : അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ അവതരിപ്പിച്ച് ബിജെപി എംപി സുരേഷ് ഗോപി. അട്ടപ്പാടിയിലെ വനവാസികളുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടിയിൽ അടുത്തിടെയുണ്ടായ ശിശുമരണങ്ങളും, വനവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.
സ്വാതന്ത്ര്യം ലഭിച്ച് 74 വർഷങ്ങൾ പിന്നിടുമ്പോഴും നിലനിൽപ്പിനായി വനവാസി സമൂഹം പോരാടുകയാണ് എന്നത് വേദനാ ജനകമായ യാഥാർത്ഥ്യമാണെന്ന് രാജ്യസഭയിൽ അദ്ദേഹം പറഞ്ഞു. വനവാസി സമൂഹം നിലനിൽക്കണമെങ്കിൽ അവർക്ക് ആരോഗ്യമുണ്ടാകണം. അമ്മമാർ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം. അട്ടപ്പാടിയിലെ വനവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുടെ പക്കൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇവർക്കിടയിലെ ജനന നിരക്ക് വർഷം തോറും കുറയുകയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അടുത്തിടെ ഒരു ആഴ്ച മുന്ന് നവജാത ശിശുക്കൾക്ക് അട്ടപ്പാടിയിൽ പോഷകാഹാര കുറവിനെ തുടർന്ന് ജീവൻ നഷ്ടമായി. ഇതോടെ ഈ വർഷം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 12 ആയെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
അട്ടപ്പാടിയിലെ ശിശുമരണം ഗൗരവതരമായ വിഷയമാണ്. ശിശുമരണ നിരക്ക് കുറയ്‌ക്കുന്നതിനായി കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. വനവാസികളുടെ സംരക്ഷണത്തിനും വികസനത്തിനുമായുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്ക് മാത്രമായി നൽകുന്നത് ഒഴിവാക്കി കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകണം. വനവാസികളുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
















Comments