മുല്ലപ്പെരിയാർ മരംമുറി വിവാദം; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

Published by
Janam Web Desk

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ സർക്കാർ പിൻവലിച്ചു. സസ്‌പെൻഷൻ റിവ്യൂ കമ്മറ്റിയുടെ ശുപാർശപ്രകാരമാണ് നടപടി പിൻവലിച്ചത്. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. സസ്‌പെൻഷൻ പിൻവലിച്ച ഉത്തരവിനൊപ്പം ഇനിമുതൽ മുല്ലപ്പെരിയാർ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും സർക്കാരിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.

മുല്ലപ്പെരിയാർ ബേബി ഡാമിനോട് ചേർന്ന മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയതിന് ബെന്നിച്ചൻ തോമസിനെ സസ്‌പെൻസ് ചെയ്തിരുന്നു. ബെന്നിച്ചൻ തോമസ് അഖിലേന്ത്യ സർവീസ് ചട്ടം ലംഘിച്ചെന്നും, സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, സംഭവത്തിൽ ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിന്റെ കാരണം വിശദമാക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കാരണം വ്യക്തമാക്കാൻ കേരളത്തോട് ആവശ്യപ്പെട്ടത്. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും ചീഫ് സെക്രട്ടറിക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

Share
Leave a Comment