ന്യൂഡൽഹി : അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും, മറ്റ് സേനാംഗങ്ങളുടെയും സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ചവരുടെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരുടെയും, മറ്റ് സേനാംഗങ്ങളുടെയും ഭൗതിക ശരീരത്തിൽ ആദരമർപ്പിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, മറ്റ് സേനാംഗങ്ങൾ എന്നിവർക്ക് അന്തിമോപചാരം അർപ്പിച്ചു. അവരുടെ വിശിഷ്ടമായ സംഭാവനകൾ രാജ്യം ഒരിക്കലും മറക്കില്ല- പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
പാലം വിമാനത്താവളത്തിൽ എത്തിയാണ് പ്രധാനമന്ത്രി ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിച്ചത്. ബിപിൻ റാവത്തിന്റെ ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മറ്റ് സേനാംഗങ്ങളുടെ ഭൗതിക ശരീരത്തിൽ പുഷ്പാർച്ചനയും നടത്തി.
പ്രധാനമന്ത്രിയ്‌ക്ക് പുറമേ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പാലം വിമാനത്താവളത്തിൽ എത്തി ആദരമർപ്പിച്ചു. ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരത്തിൽ രാജ്നാഥ് സിംഗും പുഷ്പചക്രം അർപ്പിച്ചു. മറ്റ് സേനാംഗങ്ങളുടെ ഭൗതിക ദേഹത്തിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരും മൃതദേഹത്തിൽ ആദരമർപ്പിച്ചു.
Comments