ന്യൂഡൽഹി:ലോകം ഒമിക്രോൺ ഭീതിയിൽ നിൽക്കുമ്പോൾ പ്രതിരോധ നടപടികൾ വേഗത്തിലാക്കി ഇന്ത്യ. കൊറോണയ്‌ക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് സംബന്ധിച്ച് ഇന്ന് വിദഗ്ധ സമിതി യോഗം ചേരും.രാജ്യത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുണ്ടെന്നും കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്നുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ സമിതി ചർച്ച ചെയ്യും.നിലവിൽ കോവിഷീൽഡ് വാക്‌സിനും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിനും കൊറോണയുടെ പുതിയവകഭേദങ്ങൾക്കെതിരെ മികച്ച സംരക്ഷണം നൽകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.
രാജ്യത്ത് കൊറോണ വാക്സിൻ ബൂസ്റ്റർ ഡോസാണോ അധിക ഡോസാണോ നൽകേണ്ടതെന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശം ലഭിച്ച ശേഷമായിരിക്കും കേന്ദ്ര സർക്കാരിന്റെ തീരുമാനം.
കൂടുതൽ സ്റ്റോക്ക് ഉള്ളതിനാലും പ്രായപൂർത്തി ആയവരിൽ പകുതിയിലധികം പേർ വാക്സിൻ സ്വീകരിച്ചതിനാലും ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യം.
കൊറോണ കർമ സമിതി, ജിനോം കൺസോർഷ്യം, സാങ്കേതിക ഉപദേശക സമിതി എന്നിവ ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ബൂസ്റ്റർ ഡോസിന്റെ പ്രതിരോധ ശേഷിയും സുരക്ഷയും സമിതി വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും ആഗോളതലത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
പ്രതിരോധശേഷി കുറഞ്ഞവർക്ക് സാധാരണനിലയിൽ പ്രതിരോധശേഷിയുള്ളവർക്ക് തുല്യമായി പ്രതിരോധം ഉയർത്തുന്നതിനാണ് അനുബന്ധവാക്‌സിൻ ഡോസ് നൽകുന്നത്. ഇത് ആദ്യം നൽകിയ വാക്സിൻ ഡോസിന്റെ അതേ അളവിൽ തന്നെയാകും നൽകുക. ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ തുടങ്ങി കൊറോണ വേഗത്തിൽ പിടിപെടാൻ സാധ്യതയുള്ളവർക്ക് വാക്സിൻ പ്രതിരോധം കുറഞ്ഞുതുടങ്ങുന്ന ഘട്ടത്തിൽ നൽകുന്നതാണ് ബൂസ്റ്റർ ഡോസ്. ഇത് ആദ്യം നൽകിയ വാക്സിൻ ഡോസിന്റെ അതേ അളവിലാകില്ല. ആരോഗ്യപ്രവർത്തകർക്കും മറ്റും കൊറോണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
















Comments