കാഴ്ചയ്‌ക്ക് കുഞ്ഞൻ എങ്കിലും നമ്മുടെ പ്രത്യേകിച്ച് സ്ത്രീകളുടെ നിത്യജീവിതത്തിൽ വളരെയധികം അത്യാവശ്യമുള്ള ഒരു വസ്തുവാണ് സേഫ്റ്റി പിൻ. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സേഫ്റ്റി ഉറപ്പാക്കുകയാണ് സേഫ്റ്റി പിന്നുകളുടെ ദൗത്യം. വസ്ത്രങ്ങളും മറ്റും യഥാസ്ഥാനത്ത് ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്ന സേഫ്റ്റി പിൻ കടം വീട്ടുന്നതിനുള്ള ഉപാധിയായാണ് കണ്ടുപിടിച്ചതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?. നോക്കാം സേഫ്റ്റി പിന്നിന്റെ കണ്ടുപിടിത്തം എങ്ങിനെയാണെന്ന്.
സുപ്രധാനമായ പല കണ്ടുപിടിത്തങ്ങളുടെയും ഉത്ഭവ സ്ഥാനമായ അമേരിക്കയിലാണ് സേഫ്റ്റി പിന്നുകളുടെ പിറവി. 1849 ൽ അമേരിക്കക്കാരനായ വാൾട്ടർ ഹണ്ട് ആയിരുന്നു സേഫ്റ്റി പിന്നുകൾ കണ്ടുപിടിച്ചത്. എന്നാൽ ഈ കണ്ടുപിടിത്തം കൊണ്ട് അദ്ദേഹത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.
പുതിയ പുതിയ കാര്യങ്ങൾ ചെയ്യുകയും, അതിൽ നിന്നും സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന വിചിത്ര വ്യക്തിത്വത്തിന് ഉടമയായിരുന്നു വാൾട്ടർ ഹണ്ട്. എന്നാൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയും, കടവും അദ്ദേഹത്തെ അലട്ടിയിരുന്നു. വൻ തുകകളുടെ കടമാണ് ഹണ്ടിന് ഉണ്ടായിരുന്നത്. എന്നാൽ ഇതെല്ലാം വീട്ടുന്നതിനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കേ കടക്കാരുടെ ശല്യം രൂക്ഷമായി. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച പോം വഴിയായിരുന്നു സേഫ്റ്റി പിൻ.
തന്റെ കടം വീട്ടാൻ പുതിയ കണ്ടുപിടിത്തം നടത്തുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് ഹണ്ടിന് തോന്നി. ഇങ്ങിനെ എന്ത് കണ്ടുപിടിക്കുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കയ്യിൽ ആകെ ഉണ്ടായിരുന്ന പിത്തള വയറിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. 8 ഇഞ്ച് നീളമുള്ള ആ വയർ അദ്ദേഹം തിരിക്കുകയും വളയ്‌ക്കുകയും ചെയ്തു. ഇങ്ങിനെ വളച്ച് തന്റെ കയ്യിലുള്ള വയർ ഒരു പിന്നാക്കി മാറ്റാമെന്ന് ചിന്തിച്ച ഹണ്ട് സേഫ്റ്റി പിന്നിന്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. തന്റെ കടം വീട്ടാൻ ഒരു മാർഗ്ഗം കിട്ടിയതിന്റെ ആശ്വാസമായിരുന്നു അപ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
1849 ൽ തന്നെ വിശിഷ്ടമായ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് പേറ്റന്റ് ലഭിച്ചു. എന്നാൽ പുതിയ കണ്ടുപിടിത്തത്തിലൂടെ കടം വീട്ടാൻ കഴിയുമെന്ന് ചിന്തിച്ച അദ്ദേഹത്തിന് നിരാശയായിരുന്നു ഫലം. സേഫ്റ്റി പിൻ നിർമ്മാണം സാമ്പത്തിക നേട്ടം സമ്മാനിച്ചില്ലെന്ന് മാത്രമല്ല, കടക്കാരുടെ ശല്യം രൂക്ഷമാകുകയും ചെയ്തു. നിവൃത്തിയില്ലാതെ 15 ഡോളർ കടം വീട്ടാനുണ്ടായിരുന്ന സ്നേഹിതന് അദ്ദേഹം തന്റെ പേറ്റന്റ് വിറ്റു. 400 ഡോളറിനായിരുന്നു വിൽപ്പന.
പേറ്റന്റ് ലഭിച്ചതോടെ സ്നേഹിതന്റെ സൗഭാഗ്യവും ആരംഭിച്ചു. സജീവമായി സേഫ്റ്റി പിന്നിന്റെ നിർമ്മാണത്തിലേക്ക് തിരിഞ്ഞ സ്നേഹിതൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കോടീശ്വരനായി. കേവലം 15 ഡോളറിന് തന്റെ സൗഭാഗ്യം വിറ്റു തുല്ല ഹണ്ടിന്റെ കൺമുൻപിൽ ആയിരുന്നു സ്നേഹിതന്റെ വളർച്ച.















Comments