തിരുവനന്തപുരം: പിജി ഡോക്ടർമാർ സമരം തുടർന്നാൽ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ആരോഗ്യവകുപ്പ്. എന്നാൽ എന്ത് നടപടിയെടുത്താലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പിജി ഡോക്ടർമാർ. മിന്നൽ സന്ദർശനമല്ല മന്ത്രി നടത്തേണ്ടതെന്നും ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ 10 ദിവസമായി തുടരുന്ന സമരം അനിശ്ചിത കാലത്തേക്ക് നീട്ടാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം. സമരത്തിലേക്ക് നയിച്ച കാര്യങ്ങളിൽ ഇതുവരെ അന്തിമ തീരുമാനമായില്ല. മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചിട്ടില്ല. ഹോസ്റ്റലിൽ നിന്ന് പിജി വിദ്യാർത്ഥികളെ പുറത്താക്കിയതും സർക്കാരിന്റെ അറിവോടെയെന്ന് വ്യക്തമായിട്ടുണ്ട്. ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കിയ നടപടി ആരോഗ്യ മന്ത്രി അറിഞ്ഞിട്ടില്ലെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി എടുക്കാൻ തയ്യാറാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
അത്യാഹിത വിഭാഗം ഉൾപ്പടെ ബഹിഷ്‌കരിച്ച് കൊണ്ടാണ് പിജി ഡോക്ടർമാർ സമരം തുടരുന്നത്. അതേസമയം കൊറോണ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് ഡേക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പിജി ഡോക്ടർമാരുടെ ആരോപണം. രണ്ട് തവണ ചർച്ച നടത്തിയിട്ടും സമരം തുടർന്നതിനാൽ ഇനി ചർച്ചയില്ലെന്നും സമരത്തിൽ നിന്നും പിന്മാറാൻ ഡോക്ടർമാർ തയ്യാറാകണമെന്നുമാണ് സർക്കാർ നിലപാട്. പരമാവധി ഉറപ്പുകൾ അംഗീകരിച്ചെന്നും രോഗികളെ വെല്ലുവിളിക്കരുതെന്നും ആരോഗ്യമന്ത്രിയും നിർദേശിച്ചു.
















Comments